നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിംങ് യന്ത്രത്തിന്റെ കാൻഡിഡേറ്റ് സെറ്റിംഗ് തിങ്കളാഴ്ച പൂർത്തിയാകും
സ്വന്തം ലേഖകൻ
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കാൻഡിഡേറ്റ് സെറ്റിംഗ് പുരോഗമിക്കുന്നു. ഞായറാഴ്ച ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും തുടക്കം കുറിച്ച നടപടികൾ തിങ്കളാഴ്ച പൂർത്തിയാകും.
പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളിൽ അതേ കേന്ദ്രങ്ങളിൽ വച്ചുതന്നെയാണ് കേന്ദ്ര നിരീക്ഷകൻറെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ കാൻഡിഡേറ്റ് സെറ്റിംഗ് നടത്തുന്നത്. അതത് മണ്ഡലങ്ങളിലെ വരണാധികാരികൾക്കാണ് ചുമതല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോളിംഗ് ബൂത്തുകളിലേക്ക് യന്ത്രങ്ങൾ വിതരണം ചെയ്യുന്നതിനു മുൻപുള്ള അവസാന സജ്ജീകരണങ്ങളാണ് കാൻഡിഡേറ്റ് സെറ്റിംഗിലുള്ളത്. സ്ഥാനാർഥികളുടെ പേരും ഫോട്ടോയും ചിഹ്നവമുള്ള ലേബർ ബാലറ്റ് യൂണിറ്റിൽ വച്ച് ആകെ സ്ഥാനാർഥികളുടെയും നോട്ടയുടെയും ഒഴികെയുള്ള ബട്ടണുകൾ മറച്ചശേഷം സീൽ ചെയ്യും.
ഭാരത് ഇലക്ട്രോണിക്‌സിലെ എൻജിനിയർമാരുടെ നേതൃത്വത്തിൽ വിവിപാറ്റ് യന്ത്രങ്ങളിൽ ബാറ്ററി ഇട്ട് വോട്ടു ചെയ്യുമ്പോൾ സ്ലിപ്പ് പ്രിൻറ് ചെയ്യുന്ന വിധത്തിൽ സജ്ജമാക്കും. മൂന്നു യൂണിറ്റുകളും കണക്ട് ചെയ്തശേഷം ഓരോ സ്ഥാനാർഥിക്കും നോട്ടയ്ക്കും ഓരോ വോട്ടു വീതം ചെയ്ത് കൺട്രോൾ യൂണിറ്റിലെ ഫലവും വിവിപാറ്റിൻറെ പ്രവർത്തനവും കൃത്യമെന്ന് ഉറപ്പാക്കും. പരിശോധനയ്ക്കുശേഷം ഈ വോട്ടുകൾ ഡിലീറ്റ് ചെയ്യും. പരിശോധനാ വേളയിൽ പ്രവർത്തന ക്ഷമമല്ലെന്ന് കണ്ടെത്തുന്ന യന്ത്രങ്ങൾക്കു പകരം പുതിയ യന്ത്രങ്ങൾ വയ്ക്കും.
രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾകൂടി ചേർന്ന് തിരഞ്ഞെടുക്കുന്ന അഞ്ചു ശതമാനം യന്ത്രങ്ങളിൽ ആയിരം വോട്ടുകൾ വീതം ചെയ്ത് പുനഃപരിശോധന നടത്തും. ഇതിനുശേഷവും ഈ വോട്ടുകളും മായ്ച്ചുകളഞ്ഞ്, ഓരോ പോളിംഗ് ബൂത്തിലേക്കുമുള്ള കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റും വിവിപാറ്റും ഒന്നിച്ച് സ്‌ട്രോംഗ് റൂമിലേക്ക് മാറ്റും.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ എം. അഞ്ജന മണ്ഡലങ്ങളിലെ കാൻഡിഡേറ്റ് സെറ്റിംഗ് കേന്ദ്രങ്ങൾ സന്ദർശിച്ച് നടപടികൾ വിലയിരുത്തി.