ഇലക്ഷനിൽ മത്സരിക്കുകയല്ലേ, ഒന്ന് കുളിച്ചിട്ട് വന്നു കൂടെ: പാലായിലെ സ്വതന്ത്ര സ്ഥാനാർത്ഥിയെ അപമാനിച്ച് തിരഞ്ഞെടുപ്പ് നിരീക്ഷകൻ ; രണ്ട് ഷർട്ട് മാത്രമുള്ള കർഷക സ്ഥാനാർത്ഥി അപമാനിതനായി

ഇലക്ഷനിൽ മത്സരിക്കുകയല്ലേ, ഒന്ന് കുളിച്ചിട്ട് വന്നു കൂടെ: പാലായിലെ സ്വതന്ത്ര സ്ഥാനാർത്ഥിയെ അപമാനിച്ച് തിരഞ്ഞെടുപ്പ് നിരീക്ഷകൻ ; രണ്ട് ഷർട്ട് മാത്രമുള്ള കർഷക സ്ഥാനാർത്ഥി അപമാനിതനായി

സ്വന്തം ലേഖകൻ

കോട്ടയം: ഇലക്ഷനിൽ മത്സരിക്കുകയല്ലേ ഒന്ന് കുളിച്ചിട്ട് വന്നു കൂടെ – ഷർട്ടിൽ ചെളി പറ്റി ഇരുന്നതിന്റെ പേരിൽ പാലായിലെ കർഷകനായ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് തിരഞ്ഞെടുപ്പ് നിരീക്ഷനായ അശോക് ബാബുവിൽ നിന്നാണ് പരസ്യമായ അപമാനം നേരിടേണ്ടി വന്നത്. പാലാ മണ്ഡലത്തിലെ കർഷകനും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജോർജ് ഫ്രാൻസിസ് പൂവേലിയാണ് തനിക്ക് നേരിട്ട കൊടിയ അപമാനത്തെപ്പറ്റി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ കണക്ക് പരിശോധിക്കുന്നതിനായി തിരഞ്ഞെടുപ്പ് നിരീക്ഷകനായ അശോക് ബാബുവിന് മുന്നിൽ വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ ജോർജ് ഫ്രാൻസിസ് എത്തി. ഈ സമയം ജോർജിന്റെ ഷർട്ടിൽ ചെളിപ്പറ്റി ഇരുന്നിരുന്നു.ഇത് ചൂണ്ടിക്കാട്ടിയ അശോക് ബാബു , കുളിക്കാതെയും അലക്കാതെയും ആണോ ഓഫിസിൽ വരുന്നത് എന്ന് ചോദിച്ച് പരസ്യമായി തന്നെ അപമാനിക്കുക ആയിരുന്നു എന്ന് ജോർജ് ആരോപിക്കുന്നു. തനിക്ക് രണ്ട് ഷർട്ട് മാത്രമാണ് ഉള്ളതെന്ന് പറയുന്ന ജോർജ് കൃഷിപ്പണിക്കിടെ രാവിലെ ഷർട്ടിൽ ചെളി പറ്റിയതാണ് എന്ന് പറഞ്ഞിട്ടും അശോക് ബാബു തന്നെ അപമാനിക്കുക ആയിരുന്നു എന്ന് പറയുന്നു. പരസ്യമായി നേരിട്ട അപമാനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരിക്കുകയാണ് ജോർജ്.
പാലായിലെ കേരള കോൺഗ്രസുകളുടെ കർഷക വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ് കേരള കോൺഗ്രസ് പ്രവർത്തകനായ ജോർജ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ രംഗത്ത് എത്തിയത്. മീനച്ചിൽ റബർ മാർക്കറ്റിങ്ങ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ചതിനെ തുടർന്ന് ജോർജിന് ലക്ഷങ്ങൾ നഷ്ടമായിരുന്നു. കെ.എം.മാണി അടക്കമുള്ള കേരള കോൺഗ്രസ് നേതാക്കളാണ് ഈ റബർ മാർക്കറ്റിംങ് സൊസൈറ്റിയുടെ തകർച്ചയ്ക്ക് കാരണക്കാരായതെന്ന് ആരോപിച്ചാണ് ജോർജ് മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. മീനച്ചിൽ റബർ മാർക്കറ്റിങ് സൊസൈറ്റി തട്ടിപ്പ് വഴി പാലായിൽ കർഷകർക്ക് കോടികളുടെ പണവും റബറും നഷ്ടമായിരുന്നു.