
കൊല്ലം: കൊല്ലം പത്തനാപുരം ഗ്രാമപ്പഞ്ചായത്തിലെ മാങ്കോട് വാർഡില്‍ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ട മാങ്കോട് ഷാജഹാൻ, തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് മാതൃകയായി.
ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന അഞ്ച് കുടുംബങ്ങള്‍ക്ക് സഞ്ചാരയോഗ്യമായ വഴി ഒരുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. മാങ്കോട് ഒരിപ്പുറം ഉന്നതിയിലെ ഈ കുടുംബങ്ങള്‍ക്ക് വീടുകളിലെത്താൻ വഴിയൊരുക്കാമെന്ന് ഷാജഹാൻ വോട്ടഭ്യർഥന വേളയില്‍ ഉറപ്പ് നല്‍കിയിരുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും, ഫലം വന്നതിന് പിന്നാലെ അദ്ദേഹം തന്റെ വാക്ക് പാലിച്ചു. 50 മീറ്റർ നീളത്തില്‍ പുതിയ റോഡ് വെട്ടി കോണ്‍ക്രീറ്റ് ചെയ്തതോടെ, ഒറ്റപ്പെട്ടുകിടന്ന വീടുകളിലേക്ക് സുഗമമായ യാത്ര സാധ്യമായി.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബുതന്നെ വഴിക്കാവശ്യമായ സ്ഥലം ഷാജഹാൻ വാങ്ങിയിട്ടിരുന്നു. വോട്ട് നല്‍കാമെന്ന് പറഞ്ഞവർ വാക്ക് പാലിച്ചോ എന്നതല്ല, പറഞ്ഞ വാക്ക് പാലിക്കേണ്ടത് തന്റെ കടമയായതുകൊണ്ടാണ് ഇത്തരമൊരു കാര്യം ചെയ്തത് എന്ന് മാങ്കോട് ഷാജഹാൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വിജയത്തെക്കാള്‍ ജനങ്ങളോട് നല്കിയ വാഗ്ദാനങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ഇത്തരം നടപടി പൊതുസമൂഹത്തില്‍ വലിയ ചർച്ചയായിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


