play-sharp-fill
സുവർണ ജൂബിലി വർഷത്തിൽ വൻ വിപുലീകരണ പദ്ധതികളുമായി കാൻകോർ

സുവർണ ജൂബിലി വർഷത്തിൽ വൻ വിപുലീകരണ പദ്ധതികളുമായി കാൻകോർ

സ്വന്തം ലേഖകൻ

കൊച്ചി: ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളിൽ ഒന്നായ കൊച്ചി ആസ്ഥാനമായ കാൻകോർ ഇൻഗ്രേഡിയന്റ്സ് സുവർണ ജൂബിലി വർഷത്തിൽ വൻ ബിസിനസ് വിപുലീകരണത്തിന് ഒരുങ്ങുന്നു. 1969-ൽ സ്ഥാപിതമായ കമ്പനി മൂന്ന് വർഷത്തേക്കുള്ള വിപുലീകരണ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.


ഫ്ളേവറുകളും ഫ്രാഗ്രൻസുകളും ഉൽപാദിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഫ്രാൻസ് ആസ്ഥാനമായ മാൻ ഗ്രൂപ്പിന്റെ ഭാഗമായ കാൻകോർ ഇൻഗ്രേഡിയന്റ്സ് ഉൽപാദന യൂണിറ്റുകളും പുത്തൻ സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിനായി കഴിഞ്ഞ നാല് വർഷത്തിൽ 125 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. അടുത്ത 36 മാസത്തിൽ ഇനിയും 150 കോടി രൂപ കൂടി നിക്ഷേപിക്കുമെന്ന് കമ്പനി സിഇഒയും ഡയറക്ടറുമായ ജീമോൻ കോരാ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാൻകോർ ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഡയറക്ടർ സജി ജോസഫ് വെള്ളാനിക്കാരൻ, എച്ച്ആർ ഡയറക്ടർ ശന്തനു ബന്ദുരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതി പ്രകാരം കേരളം, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കാൻകോറിന്റെ ഫാക്ടറികളാണ് വിപുലീകരിക്കുന്നത്. കർണാടകത്തിലെ ബ്യാഡ്ഗിയിൽ നിലവിലുള്ള ഫാക്ടറിക്ക് സമീപം പുതിയ ഫാക്ടറി സ്ഥാപിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇതിനായി 50 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. അടുത്ത 25-30 വർഷങ്ങളിൽ കാൻകോറിന്റെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ സംസ്‌കരണ കേന്ദ്രമായിരിക്കും ബ്യാഡ്ഗിയിലേതെന്നും ജീമോൻ കോര പറഞ്ഞു. ഉത്തർപ്രദേശിലെ ബറേയ്ലിയിലുള്ള രണ്ട് ഫാക്ടറികളുടെ വിപുലീകരണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

അങ്കമാലിയിലുള്ള ഫാക്ടറിയിൽ ഗവേഷണത്തിനും നൂതന ഉത്പന്നങ്ങൾക്കും ഊന്നൽ നൽകികൊണ്ടുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നതെന്നും ജീമോൻ അറിയിച്ചു. വികസന പ്രവർത്തനങ്ങൾ മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാൻകോർ എല്ലാ പത്ത് വർഷത്തിലുമൊരിക്കൽ അടുത്ത 20 വർഷത്തേക്കുള്ള ദീർഘവീക്ഷണത്തോടെ വിപുലീകരണ പ്രവർത്തനങ്ങൾ നടത്താറുണ്ട്. 2004-2005 വർഷത്തിലാണ് ഇതിന് മുമ്പ് വൻ വിപുലീകരണം കമ്പനി നടത്തിയത്.

എന്നാൽ സുവർണ ജൂബിലി വർഷമായ ഈ അവസരത്തിൽ അടുത്ത 25 വർഷങ്ങൾ മുന്നിൽ കണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. കമ്പനിയുടെ ജീവനക്കാർക്കും ഓഹരിയുടമകൾക്കും ബിസിനസ് പങ്കാളികൾ അടക്കമുള്ളവർക്കുള്ള സുവർണ ജൂബിലി സമ്മാനമാണിതെന്നും ജീമോൻ വ്യക്തമാക്കി. കാൻകോറിന്റെ എല്ലാ ഫാക്ടറികളും പരിപൂർണമായി പ്രവർത്തനക്ഷമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പുതിയ സാങ്കേതികവിദ്യ, ബിസിനസ് കാഴ്ചപ്പാട്, ഉപഭോക്തൃ ആവശ്യം, കാർഷികവിള ഉൽപാദനം എന്നീ മേഖലകളിൽ കാലാകാലങ്ങളിൽ ഓരോ തരത്തിലുള്ള പുതിയ വെല്ലുവിളികൾ ഉയർന്നുവന്നിട്ടുണ്ട്. ഇങ്ങനെയുള്ള എല്ലാ ഘട്ടങ്ങളിലും കാൻകോർ മറ്റുള്ളവർക്ക് വഴികാട്ടിയാവുകയും ഭിന്നമായി ചിന്തിക്കുന്നുവെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

1969-70 വർഷത്തിൽ ഇന്ത്യയിൽ തന്നെ ആദ്യത്തെ സ്പൈസ് എക്സ്ട്രാക്ഷൻ യൂണിറ്റ് സ്ഥാപിച്ച കമ്പനിയാണ് കാൻകോർ. സുഗന്ധവ്യഞ്ജന വിപണിയിൽ പുത്തൻ മാറ്റങ്ങൾക്ക് അത് വഴിതെളിയിക്കുകയും മൂല്യവർധിത ഉൽപന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിലും 1994-ൽ ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ കമ്പനികളിൽ ഒന്നായിരുന്നു കാൻകോർ. എല്ലാ ഘട്ടങ്ങളിലും സാങ്കേതികവിദ്യ, ഉൽപന്നങ്ങൾ എന്നിവയുടെ കാര്യത്തിൽ കമ്പനിയുടെ കാര്യക്ഷമത വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത് ഭാവിയിലും തുടരും,’ ജീമോൻ പറഞ്ഞു.

എല്ലാ കാര്യത്തിലും മികവ് പുലർത്തുന്നതിലാണ് കമ്പനിയുടെ വിജയരഹസ്യം. അസംസ്‌കൃത വസ്തുക്കളുടെ ശേഖരണം മുതൽ എല്ലാ പ്രക്രിയകളിലും കമ്പനി കണിശമായ മാതൃകകൾ നിലനിർത്തുന്നു. അസംസ്‌കൃത വസ്തുക്കൾ ലഭ്യമാക്കുന്ന കർഷകർക്ക് ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കുന്നതിന് പുറമേ അവർക്ക് തക്കതായ വരുമാനം ലഭിക്കുന്നുവെന്ന് കമ്പനി ഉറപ്പുവരുത്തുകയും ചെയ്യുന്നു.

വിവിധ വ്യവസായ മേഖലകളുടെ ആവശ്യാനുസരണം പുത്തൻ ഉൽപന്നങ്ങൾ സൃഷ്ടിക്കാൻ കമ്പനിയുടെ ഗവേഷണ വിഭാഗം സദാ പ്രവർത്തനക്ഷമമാണെന്നും ജീമോൻ വ്യക്തമാക്കി. പുതിയ ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതിൽ കമ്പനി മുന്നിട്ട് നിന്നിട്ടുണ്ട്. ഉദാഹരണത്തിന്, 1978-ൽ മഞ്ഞളിൽ നിന്നും കുർക്കുമിൻ വേർതിരിച്ചെടുത്തപ്പോഴും നാച്ചുറൽ കളർ, ആന്റിഓക്സിഡന്റ് എന്നീ മേഖലകളിൽ വിവിധയിനം ഉൽപന്നങ്ങൾ വികസിപ്പിച്ചപ്പോഴും കാൻകോർ ഈ വ്യവസായ മേഖലയ്ക്ക് മാതൃകയായിട്ടുണ്ട്. കാൻകോർ കരസ്ഥമാക്കിയിട്ടുള്ള നിരവധി പുരസ്‌കാരങ്ങൾ ഇതിന് തെളിവാണെന്നും ജീമോൻ പറഞ്ഞു.

കാൻകോറിൽ നിലവിൽ 600-ലേറെ ജീവനക്കാർ ജോലി ചെയ്യുന്നു. കമ്പനിയിൽ നിന്ന് മറ്റ് സ്ഥാപനങ്ങളിലേക്ക് ജോലി തേടി പോകുന്നവരുടെ എണ്ണം ഈ വ്യവസായ മേഖലയിൽ നിലവിലുള്ളതിനെക്കാൾ വളരെ കുറവാണ്. ജീവനക്കാരുടെ ക്ഷേമത്തിനായി നിരവധി പരിപാടികളാണ് കമ്പനി ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അവരുടെ സംഘടനകളുമായി മാനേജ്മെന്റ് നിരന്തരം ആശയവിനിമയം നടത്താറുണ്ടെന്നും ജീമോൻ പറഞ്ഞു.

ഉത്തർപ്രദേശിലെ ബറേയ്ലിയിലെ പുതിന തോട്ടങ്ങളിൽ വിള മെച്ചപ്പെടുത്തുന്നതിനും അതിലൂടെ കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുന്നതിനും നിരവധി സുസ്ഥിര കാർഷിക പ്രവർത്തനങ്ങളിൽ കമ്പനി ഏർപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ മുളക്, ഇഞ്ചി, മഞ്ഞൾ, ഇഞ്ചിപ്പുല്ല്, റോസ്മേരി, ട്യൂബ്റോസ് തുടങ്ങിയവയുടെ വിള മെച്ചപ്പെടുത്തുന്നതിന് ഐടി അധിഷ്ഠിത സേവനങ്ങൾക്കും കമ്പനി നേതൃത്വം നൽകുന്നു. സുസ്ഥിരതയിൽ കേന്ദ്രീകരിച്ചുള്ള മികച്ച കാർഷിക രീതികൾ അവലംബിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുയെന്നതാണ് കമ്പനിയുടെ അഗ്രികൾച്ചർ ബിസിനസ് വിഭാഗത്തിന്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ അവരുടെ സാമൂഹ്യ, പാരിസ്ഥിതിക, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിരവധി സിഎസ്ആർ പ്രവർത്തനങ്ങളും കമ്പനി നടപ്പാക്കിയിട്ടുണ്ട്.

ഗ്രാമങ്ങളിൽ ചെറുകിട സൗരോർജ പദ്ധതികൾ, ശുദ്ധജല പ്ലാന്റുകൾ, കർഷകരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള വിവിധ പരിപാടികൾ, ആരോഗ്യം, ശുചിത്വം, ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസം, തൊഴിൽ സാധ്യത വർധിപ്പിക്കാൻ സഹായിക്കുന്ന നൈപുണ്യ വികസന പരിപാടികൾ തുടങ്ങി നിരവധി പരിപാടികൾ കമ്പനി നടപ്പാക്കി വരുന്നു.