play-sharp-fill
മെഡിക്കൽ കോളെജിൽ അർബുദ മരുന്നുകൾക്ക് ക്ഷാമം ; കീമോയ്ക്ക് പകരം ഉപയോഗിക്കുന്ന ഗുളികളുടെ വിതരണം നിലച്ചിട്ട് മൂന്ന് മാസം

മെഡിക്കൽ കോളെജിൽ അർബുദ മരുന്നുകൾക്ക് ക്ഷാമം ; കീമോയ്ക്ക് പകരം ഉപയോഗിക്കുന്ന ഗുളികളുടെ വിതരണം നിലച്ചിട്ട് മൂന്ന് മാസം

 

സ്വന്തം ലേഖകൻ

കോഴിക്കോട് :നിരവധി പേർ ചികിത്സയ്ക്കായി ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കൽ കോളജിൽ അർബുദത്തിനുള്ള മരുന്നുകൾക്ക് ക്ഷാമം. കീമോ തെറാപ്പിക്ക് പകരമായി ഉപയോഗിക്കുന്ന കാപ്‌സിറ്റൈബിൻ ഉൾപ്പെടെയുളള ഗുളികകളുടെ വിതരണം നിലച്ചിട്ട് മൂന്നു മാസം കഴിഞ്ഞു. ഗുളികകൾ ലഭിക്കാതായതോടെ വൻ തുക മുടക്കി പുറമെ നിന്ന് മരുന്ന് വാങ്ങക്കേണ്ട ഗതകേടിലാണ് രോഗികൾ.

കോഴിക്കോട് മെഡിക്കൽ കോളജിലെ ഓങ്കോളജി വിഭാഗത്തിൽ നിത്യേനെ മുന്നൂറോളം രോഗികൾ ചികിത്സയ്‌ക്കെത്തുന്നുണ്ട്. കാൻസർ രോഗികളിൽ നല്ലൊരു ശതമാനത്തിനും ഡോക്ടർമാർ നിർദ്ദേശിക്കാറുളള കാപ്‌സിറ്റൈബിൻ അടക്കമുളള ഗുളികകളുടെ വിതരണം നിലച്ചതോടെ രോഗികൾ കടുത്ത പ്രതിസന്ധിയിലാണ്. മരുന്നിന് വരുന്നവരുടെ പേരും ഫോൺ നമ്പറും വാങ്ങി സ്റ്റോക്ക് വരുമ്പോൾ അറിയിക്കാമെന്ന് മറുപടിയാണ് ഫാർമസി ജീവനക്കാർ നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കീമോ ഇൻജക്ഷൻ നൽകാൻ സാധിക്കാത്ത രോഗികൾക്ക് പകരമായി നൽകുന്ന ഗുളികയാണ് കാപ്‌സിറ്റൈബിൻ. സ്വകാര്യ ഫാർമസികളിൽ ഒരു ഗുളികയുടെ വില 50 രൂപ മുതലാണ്. ഒരു ദിവസം മൂന്ന് ഗുളികകൾവരെ കഴിക്കേണ്ട രോഗികളുണ്ട്. അതായത് ഒരു മാസത്തേക്ക് ഈ ഗുളികയ്ക്ക് മാത്രമായി അയ്യായിരത്തോളം രൂപയാണ് ചെലവടേണ്ടി വരുന്നത്.

മെഡിക്കൽ സർവീസ് കോർപറേഷനിൽ നിന്നുളള മരുന്ന് വിതരണം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഈ വർഷം1,32,300 കാപ്‌സിറ്റൈബിൻ ഗുളികകൾ ആവശ്യപ്പെട്ടപ്പോൾ കിട്ടിയത് 63,400 ഗുളികകൾ മാത്രം. അതായത് ആവശ്യപ്പെട്ടതിന്റെ പകുതി പോലും കിട്ടിയില്ലെന്ന് വ്യക്തം. പുതിയ സ്റ്റോക്ക് എന്ന് വരുമെന്ന ചോദ്യത്തിന് ആശുപത്രി അധികൃതർക്ക് മറുപടിയുമില്ല. വിഷയത്തിൽ പ്രതികരിക്കാൻ മെഡിക്കൽ സർവീസ് കോർപറേഷൻ തയ്യാറായില്ല.