
സ്വന്തം ലേഖിക
കോട്ടയം: കാന്‍സര്‍ രോഗത്തിനുള്ള മരുന്നുകളുടെ പേരിലുള്ള തട്ടിപ്പും കൊള്ളയും അമിതവിലയും നിയന്ത്രിക്കേണ്ടത് കേന്ദ്ര സര്‍ക്കാരായതിനാല്‍ കേന്ദ്രനിയമത്തില്‍ പര്യാപ്തമായ വകുപ്പുകള്‍ ചേര്‍ത്ത് കാലോചിതമായ ഭേദഗതികള്‍ വരുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
കാന്‍സര്‍ മരുന്നുകളുടെ പേരിലുള്ള കൊള്ളയും തട്ടിപ്പും തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാജ കാന്‍സര്‍ മരുന്നുകള്‍ സംസ്ഥാനത്ത് എത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിച്ചു.
രാജ്യത്ത് മരുന്നിന്റെ ഉല്‍പ്പാദനവും വിതരണവും വില്‍പ്പനയും നിയന്ത്രിക്കുന്നത് കേന്ദ്ര നിയമമായ ഡ്രഗ്സ് ആന്റ് കോസ്മറ്റിക് ആക്‌ട് 1940 ആന്റ് ഡ്രഗ്സ് റൂള്‍സ് 1945 പ്രാകാരമായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് മരുന്നു തട്ടിപ്പില്‍ നടപടിയെടുക്കാന്‍ അധികാരമില്ലെന്ന ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ ഉത്തരവ്.
മരുന്നുകള്‍ നേരിട്ട് ഇറക്കുമതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ കര്‍ശന പരിശോധനക്ക് ശേഷമാണ് വിതരണം ചെയ്യുന്നത്.
അനധികൃത മരുന്ന് ഇറക്കുമതിക്കെതിരെ നടപടിയെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. നിയമവിരുദ്ധമായി മരുന്നുകള്‍ സംസ്ഥാന വിപണിയില്‍ എത്തുന്നില്ല.
കാന്‍സര്‍ ചികിത്സക്കുള്ള Osimertinib പോലുള്ള വിലകൂടിയ മരുന്നുകളുടെ വിലകുറഞ്ഞ പതിപ്പുകള്‍ ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളില്‍ നിന്നും അനധികൃതമായി കൊണ്ടുവന്ന് ഓണ്‍ലൈന്‍ വഴിയും വ്യക്തികള്‍ വഴിയും രോഗികള്‍ക്ക് എത്തിക്കുന്നതായി മനസ്സിലാക്കിയിട്ടുണ്ടെന്ന ഗുരുതര വസ്തുതയും റിപ്പോര്‍ട്ടിലുണ്ട്.