
ഹൃദ്രോഗങ്ങൾ കഴിഞ്ഞാൽ ലോകത്തിൽ രണ്ടാമതായി മരണകാരണമാകുന്ന രോഗം കാൻസറാണ്. സ്തനങ്ങളിലെ കോശങ്ങളുടെ അമിത വളർച്ചമൂലമുണ്ടാകുന്ന രോഗമാണ് സ്തനാർബുദം. സ്തനാർബുദം എന്നത് സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒരു അവസ്ഥയെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ അത് തെറ്റാണ് പുരുഷന്മാരെയും ഇത് ബാധിക്കാറുണ്ട്. ലോകത്താകമാനമുള്ള അർബുദ രോഗങ്ങളിൽ ശ്വാസകോശാർബുദങ്ങൾക്കു ശേഷം ഏറ്റവും കൂടുതലുണ്ടാകുന്ന രണ്ടാമത്തെ അർബുദമാണ് സ്തനാർബുദം.
അർബുദത്തെ കുറിച്ച് വേണ്ടത്ര അവബോധം ജനങ്ങൾക്ക് ഇല്ലാത്തതിനാൽ പല തെറ്റായധാരണകളും നില നിൽക്കുന്നുണ്ട്. ഈ തെറ്റിദ്ധാരണകൾ അനാവശ്യമായ വിഷമങ്ങൾക്കും ശരിയായ ചികിത്സ വൈകുന്നതിനും എല്ലാം ഇടയാക്കും. നേരത്തേ കണ്ടെത്തി ചികിൽസിക്കാൻ കഴിഞ്ഞാൽ രോഗം ഭേദമാക്കാൻ സാധിക്കും.
വരുന്ന ദശകങ്ങളിൽ ഇതിൽ വൻകുതിപ്പ് ഉണ്ടാകുമെന്നും പഠനത്തിലുണ്ട്. 2023-ൽ മാത്രം ആഗോളതലത്തിൽ ഒരുകോടി എൺപത്തിയഞ്ച് ലക്ഷം പുതിയ കാൻസർ കേസുകളും ഒരുകോടി നാലു ലക്ഷം കാൻസർ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. നാൽപതു ശതമാനത്തിലേറെ കാൻസർ മരണങ്ങൾക്കും കാരണമാകുന്നത് പുകയില ഉപയോഗം, ഭക്ഷണരീതി, അണുബാധ, മലിനീകരണം തുടങ്ങിയവയാണെന്നും റിപ്പോർട്ടിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുരുഷന്മാരിൽ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യുന്നത് പ്രോസ്റ്റേറ്റ് കാൻസറാണെന്നും പഠനത്തിലുണ്ട്. ഇതിനുപിന്നാലെ ടിബിഎൽ കാൻസർ, ലങ് കാൻസർ, കോളറെക്റ്റൽ കാൻസർ തുടങ്ങിയവയും ഉണ്ട്. പുകയില, വായുമലിനീകരണം, തൊഴിൽസംബന്ധമായ സാധ്യതാഘടകങ്ങൾ എന്നിവയാണ് ശ്വാസകോശ അർബുദത്തിന് കാരണമാകുന്നത്. സ്ത്രീകളിൽ സ്തനാർബുദം കഴിഞ്ഞാൽ ഏറ്റവും സാധാരണമായി കാണപ്പെടുന്നത് അണ്ഡാശയ അർബുദമാണ്.
ഇന്ത്യയിൽ കാൻസർ മൂലമുള്ള മരണങ്ങളിൽ ഏറിയ പങ്കും സംഭവിക്കുന്നത് സ്തനാർബുദം മൂലമാണെന്ന് ഗ്ലോബൽ ബേർഡൻ ഓഫ് ഡിസീസ് പുറത്തുവിട്ട പഠന റിപ്പോർട്ടിൽ പറയുന്നു. രണ്ടാമതായി ശ്വാസകോശ അർബുദവും മൂന്നാം സ്ഥാനത്ത് അന്നനാളത്തിലെ അർബുദവുമാണുള്ളത്. 204 രാജ്യങ്ങളിൽ നിന്നായി നാൽപ്പത്തിയേഴ് തരം കാൻസറുകളെ പ്രായം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിൽ നിരീക്ഷിച്ചാണ് പഠനം നടത്തിയത്.
ലാൻസെറ്റ് ജേർണലിൽ ഇതുസംബന്ധിച്ച വിശദമായ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ലോകമെമ്പാടുമുള്ള സ്ത്രീകളിൽ 20 പേരിൽ ഒരാൾക്ക് സ്തനാർബുദം സ്ഥിരീകരിക്കപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന നേരത്തേ പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നു. നിലവിലെ നിരക്കുപ്രകാരം മുന്നോട്ടുപോയാൽ 2050 ആകുമ്പോഴേക്കും പ്രതിവർഷം 32 ലക്ഷം സ്തനാർബുദ കേസുകളിലേക്കെത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. 2023-ൽ ഇന്ത്യയിലെ അപകടകാരികളായ കാൻസറുകളിൽ അഞ്ചെണ്ണം സ്തനാർബുദം, ടിബിഎൽ കാൻസർ (Tracheal, bronchial, and lung), ഈസോഫേഗൽ, ഉദരാർബുദം, ചുണ്ടിനെയും വായയെയും ബാധിക്കുന്ന കാൻസർ തുടങ്ങിയവയാണ്. സ്തനാർബുദമാണ് കൂടുതൽ മരണങ്ങൾക്കിടയാക്കിയത്.
2050 ആകുമ്പോഴേക്ക് ആഗോളതലത്തിലെ കാൻസർ കേസുകൾ മൂന്നുകോടി അഞ്ചുലക്ഷമായും കാൻസർ മരണങ്ങൾ ഒരു കോടി എൺപത്തിയഞ്ച് ലക്ഷമായും ഉയരുമെന്നും റിപ്പോർട്ട് പറയുന്നു. 2024-നെ അപേക്ഷിച്ച് കാൻസർ കേസുകളിൽ 60.7 ശതമാനവും മരണങ്ങളിൽ 74.5 ശതമാനവും വർധനവാണുണ്ടാവുക. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലാണ് കാൻസർ കേസുകളിൽ വൻകുതിപ്പുണ്ടാകുന്നത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കിടെ ഇന്ത്യയിലെ കാൻസർ കേസുകളിൽ 26.4 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. കാൻസർ മരണനിരക്കിന്റെ കാര്യത്തിൽ 204 രാജ്യങ്ങളിൽ ഇന്ത്യ 168-ാം സ്ഥാനത്താണ്.