play-sharp-fill
ക്യാന്‍സര്‍ ഇല്ലാതെ കീമോ തെറാപ്പി ചെയ്ത സംഭവം: രജനി ഇന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കും

ക്യാന്‍സര്‍ ഇല്ലാതെ കീമോ തെറാപ്പി ചെയ്ത സംഭവം: രജനി ഇന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കും

സ്വന്തംലേഖകൻ

കോട്ടയം: ക്യാന്‍സര്‍ കീമോ തെറാപ്പി ചെയ്ത സംഭവത്തില്‍ പരാതിക്കാരിയായ രജനി ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കും.
പരാതിക്കാരിക്ക് എല്ലാ സഹായവും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. കീമോയ്ക്ക് വിധേയമായ രജനിക്ക് തുടര്‍ ചികിത്സയ്ക്കുള്ള എല്ലാ വിധ സഹായവും സൗകര്യങ്ങളുമൊരുക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.
സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കും രണ്ട് സ്വകാര്യ ലാബുകള്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ക്യാന്‍സര്‍ സ്ഥിരീകരിക്കാതെ കീമോ ചെയ്ത രോഗിക്ക് അപൂര്‍വ്വമായ രോഗാവസ്ഥയായിരുന്നു എന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം. കാന്‍സറുണ്ടെന്ന സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ ചികിത്സ ആരംഭിക്കുകയും കീമോതെറാപ്പിക്ക് നിര്‍ദേശിക്കുകയും ചെയ്തത്. മെഡിക്കല്‍കോളേജിലെ തിരക്ക് കാരണമാണ് സ്വകാര്യ ലാബുകളേക്ക് വിടുന്നതെന്നും മന്ത്രിക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞിരുന്നു. മെഡിക്കല്‍ കോളേജില്‍ നിന്നും വിരമിച്ച അധ്യാപകനാണ് സ്വകാര്യ ലാബില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. അതിന് വിശ്വാസ്യതയുള്ളതിനാലാണ് ചികിത്സ തുടങ്ങിയത് എന്നും മന്ത്രിക്ക് സമര്‍പ്പിച്ച വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു.