video
play-sharp-fill

മെഡിക്കൽ കോളേജിലെ കീമോ തെറാപ്പി വിവാദം ; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു ;സംഭവത്തിൽ ഡോക്ടർമാർക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട്

മെഡിക്കൽ കോളേജിലെ കീമോ തെറാപ്പി വിവാദം ; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു ;സംഭവത്തിൽ ഡോക്ടർമാർക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട്

Spread the love

സ്വന്തംലേഖകൻ

കോട്ടയം: കാന്‍സര്‍ സ്ഥിരീകരിക്കാതെ സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ കീമോതെറാപ്പിക്ക് വിധേയയാക്കിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.
അതേസമയം, തെറ്റായ പരിശോധന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കാന്‍സര്‍ ചികിത്സയ്ക്ക് വിധേയയായ രജനിയുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഫോണില്‍ സംസാരിച്ചു. തുടര്‍ചികിത്സ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനോടും സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം കാൻസറില്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവത്തിൽ ഡോക്ടർമാർക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട്. വേഗത്തിൽ ചികിത്സ നൽകാനാണ് ഡോക്ടർമാർ ശ്രമിച്ചതെന്നാണ് വിശദീകരണം. വിഷയത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ആരോഗ്യ വകുപ്പിന് ഇന്ന് റിപ്പോർട്ട് നൽകും.
തെറ്റ് സ്വകാര്യ ലാബിന്‍റേതാണെന്നും നേരത്തെയും പരാതി ഉയർന്നപ്പോൾ മെഡിക്കൽ സംഘം അന്വേഷിച്ചിരുന്നുവെന്നുമാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം. ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചിട്ടില്ലെന്നും കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി.
വേഗത്തിൽ ചികിത്സ ലഭ്യമാക്കാനാണ് ഡോക്ടർമാർ ശ്രമിച്ചതെന്നാണ് വിശദീകരണം.
പന്തളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന രജനി മാറിടത്തില്‍ ചെറിയ  മുഴ കണ്ടതിന് അടൂര്‍ താലൂക്ക് ആശുപത്രിയിലാണ് ആദ്യം പരിശോധന നടത്തിയത്. അവിടെ നിന്ന് വിദഗ്ധ പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. ഏപ്രില്‍ 28ന് മെഡിക്കല്‍ കോളേജില്‍ പരിശോധനയ്‌ക്കെത്തി.
രോഗനിര്‍ണയത്തിനായി ഇവരുടെ രക്തസാമ്പിള്‍ ഉള്‍പ്പെടെയുള്ളവ മെഡിക്കല്‍ കോളേജിലെ പതോളജി ലാബില്‍ നല്‍കി. എന്നാല്‍, ഫലം ലഭിക്കാന്‍ 15 മുതല്‍ 20 ദിവസം വരെ എടുക്കുമെന്നതിനാല്‍ ബന്ധുക്കള്‍ മെഡിക്കല്‍ കോളേജിന് സമീപത്തെ സ്വകാര്യ ലാബായ ഡയനോവയില്‍ സാമ്പിള്‍ പരിശോധനയ്ക്ക് നല്‍കി. ഇവിടെനിന്ന് ലഭിച്ച ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ ചികിത്സ തുടങ്ങി. തുടര്‍ന്ന് രോഗിക്ക് കീമോതെറാപ്പി ഉള്‍പ്പെടെ ആരംഭിച്ചു. ആദ്യ കീമോ കഴിഞ്ഞപ്പോഴാണ് പതോളജി വിഭാഗത്തിലെ പരിശോധനാഫലം ലഭിച്ചത്. ഇതില്‍ കാന്‍സര്‍ ഇല്ലെന്നാണ് വ്യക്തമായത്.
തുടര്‍ന്ന് സ്വകാര്യ ലാബില്‍ നല്‍കിയ സാമ്പിള്‍ വാങ്ങി പതോളജി ലാബില്‍ രണ്ടാമത് പരിശോധിച്ചപ്പോഴും കാന്‍സറിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനായില്ല. ഇതോടെ സാമ്പിള്‍ തിരുവനന്തപുരം ആര്‍സിസിയില്‍ അയച്ചും പരിശോധിച്ചു. കാന്‍സറല്ലെന്ന് വ്യക്തമായതോടെ മാറിടത്തിലെ മുഴ പിന്നീട് ശസ്ത്രക്രിയയിലൂടെ നീക്കി.
ഇല്ലാത്ത കാന്‍സറിന് കീമോയ്ക്ക് വിധേയയായതിനെ തുടര്‍ന്ന് രജനിയുടെ മുടിയെല്ലാം നഷ്ടപ്പെട്ടു. ശരീരമാസകലം അസ്വസ്ഥതകളും കരുവാളിപ്പുമായാണ് ഇവര്‍ കഴിയുന്നത്. വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ഇവരുടെ ജോലിയും നഷ്ടപ്പെട്ടു. ഇതോടെ, മകള്‍ എട്ടു വയസ്സുകാരി ദേവനന്ദന അടങ്ങുന്ന കുടുംബം നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടിലാണ്. മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും മെഡിക്കല്‍ സൂപ്രണ്ടിനും പരാതി നല്‍കിയതായി രജനി പറഞ്ഞു.
മെഡിക്കല്‍ കോളേജിലെ പതോളജി വിഭാഗത്തില്‍ നിന്നു വിരമിച്ച ഒരു ഡോക്ടറുടെ ഉടമസ്ഥതയിലുള്ളതാണ് ലാബെന്നാണ് വിവരം. ഇക്കാരണത്താല്‍ ഫലം വിശ്വസനീയമായിരിക്കുമെന്ന് വിചാരിച്ചാണ് ഡോക്ടര്‍ ചികിത്സ തുടങ്ങിയത്. സംഭവം വിവാദമായതോടെ യുവജന സംഘടനകള്‍ ലാബിലേക്ക് മാര്‍ച്ച് നടത്തി. ലാബിന്റെ പ്രവര്‍ത്തനം നിര്‍ത്തവയ്പ്പിച്ചു.