play-sharp-fill
മെഡിക്കൽ കോളജിന് സമീപത്തെ ഡയനോവാ ലാബിലെ റിപ്പോർട്ട് ചതിച്ചു: കാൻസർ ഇല്ലാത്ത രോഗിയ്ക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കീമോതെറാപ്പി; ഗുരുതര പിഴവ് വരുത്തിയത് സ്വകാര്യ ലാബ്

മെഡിക്കൽ കോളജിന് സമീപത്തെ ഡയനോവാ ലാബിലെ റിപ്പോർട്ട് ചതിച്ചു: കാൻസർ ഇല്ലാത്ത രോഗിയ്ക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കീമോതെറാപ്പി; ഗുരുതര പിഴവ് വരുത്തിയത് സ്വകാര്യ ലാബ്

സ്വന്തം ലേഖകൻ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപത്തെ ഡയനോവ ലാബിൽ നടത്തിയ രക്ത പരിശോധനയിൽ കാൻസറുണ്ടെന്നു തെറ്റായ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് യുവതിയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കീമോതെറാപ്പി നടത്തി. കാൻസർ ഇല്ലാത്ത രോഗിയ്ക്ക് കീമോതെറാപ്പി നടത്തിയതിനെ തുടർന്നുള്ള ഗുരുതരമായ പാർശ്വഫലങ്ങൾ അനുഭവിക്കുകയാണ് യുവതി. ആലപ്പുഴ കുടശനാട് സ്വദേശി രജനിയാണ് മുടി കൊഴിഞ്ഞ് ശരീരം കറുത്ത് കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ അനുഭവിക്കുന്നത്. മെഡിക്കൽ കോളേജിലെ ലാബിലും റീജിയണൽ കാൻസർ സെന്ററിലും നടത്തിയ പരിശോധനയിൽ ഇവർ കാൻസർ ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് മെഡിക്കൽ കോളേജിന് സമീപത്തെ ഡയനോവ ലാബിന്റെ തട്ടിപ്പ് പുറത്തായത്.
കാൻസറില്ലാതെ കാൻസർ ചികിത്സയുടെ പാർശ്വഫലങ്ങൾ മുഴുവൻ രജനിയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. മാറിടത്തിൽ കണ്ടെത്തിയ മുഴ കാൻസറാണെന്ന സംശയത്തെ തുടർന്നാണ് കഴിഞ്ഞ ഫെബ്രുവരി 28 ന് രജനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇവിടെ എത്തി ഡോക്ടർമാരെ കണ്ട രജനിയ്ക്ക് രക്ത പരിശോധനയ്ക്കായി ഡോക്ടർമാർ നിർദേശം നൽകി. രജനിയുടെ ശരീരത്തിൽ നിന്നും ശേഖരിച്ച രണ്ട് രക്തസാമ്പിളുകളിൽ ഒന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിലും, മറ്റൊന്ന് മെഡിക്കൽ കോളേജിന് സമീപത്തെ ഡയനോവ ലാബിലും നൽകി. എന്നാൽ, ആദ്യം ലഭിച്ചത് സ്വകാര്യ ലാബിലെ റിപ്പോർട്ടായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം ലഭിച്ച ഡയനോവ ആശുപത്രിയിലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജനിയ്ക്ക് കാൻസർ ആണെന്ന് വിധിയെഴുതി. തുടർന്ന് ഡോക്ടർമാർ രജനിയ്ക്ക് ചികിത്സ ആരംഭിക്കുകയായിരുന്നു. കീമോതെറാപ്പി നിർദേശിച്ച ശേഷം ചികിത്സ ആരംഭിച്ചു. കീമോതെറാപ്പി ചെയ്ത് തുടങ്ങിയ ശേഷമാണ് കാൻസർ രോഗബാധിതയല്ല രജനി എന്ന മെഡിക്കൽ കോളേജ് ആശുപത്രി പതോളജി ലാബിലെ റിപ്പോർട്ട് പുറത്ത് വന്നത്. ഇതിനിടെ കാൻസറില്ലാതെ കാൻസറിന്റെ പേരിൽ കീമോതെറാപ്പി ഏറ്റുവാങ്ങേണ്ടി വന്നതിന്റെ ദൂഷ്യഫലങ്ങളെല്ലാം രജനിയുടെ ശരീരത്തിൽ കണ്ടെത്തി തുടങ്ങിയിട്ടുണ്ട്. രജനിയുടെ തലമുടി കൊഴിഞ്ഞു പോയി, ശരീരമാകെ കറുത്ത് കരുവാളിച്ചു. ശരീരമാസകലം കരുവാളിപ്പും, അസ്വസ്ഥതകളും അനുഭവപ്പെട്ട് തുടങ്ങിയിട്ടുമുണ്ട്.
രജനിയ്ക്ക് കാൻസർ ഇല്ലെന്ന പതോളജി ലാബിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡയനോവ ലാബിന്റെ റിപ്പോർട്ട് തിരികെ വാങ്ങി മെഡിക്കൽ കോളേജിലെ പതോളജി ലാബിൽ പരിശോധനയ്ക്കായി അയച്ചു. ഇവിടെയും തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലും നടത്തിയ പരിശോധനയിൽ ഇവർക്ക് കാൻസർ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയിലൂടെ ഇവരുടെ ശരീരത്തിൽ നിന്നും മുഴ നീക്കം ചെയ്തു. എന്നാൽ, ഇപ്പോഴും കീമോതെറാപ്പിയുടെ അസ്വസ്ഥതകൾ രജനിയെ വിടാതെ പിൻതുടരുകയാണ്. വീഴ്ച വരുത്തിയ സ്വകാര്യ ലാബായ ഡയനോവയ്‌ക്കെതിരെ ആരോഗ്യമന്ത്രിയ്ക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്.