കാൻസറില്ലാത്ത യുവതിയ്ക്ക് കീമോ തെറാപ്പി: ഡയനോവ ലാബ് ഭരിക്കുന്നത് മെഡിക്കൽ കോളേജിലെ മുൻ ഡോക്ടർ; ഡോക്ടർമാരെ രക്ഷിക്കാൻ പ്രിൻസിപ്പലിന്റെ റിപ്പോർട്ട്; പഴയ റിപ്പോർട്ട് നൽകി മന്ത്രിയെയും പറ്റിച്ചു

കാൻസറില്ലാത്ത യുവതിയ്ക്ക് കീമോ തെറാപ്പി: ഡയനോവ ലാബ് ഭരിക്കുന്നത് മെഡിക്കൽ കോളേജിലെ മുൻ ഡോക്ടർ; ഡോക്ടർമാരെ രക്ഷിക്കാൻ പ്രിൻസിപ്പലിന്റെ റിപ്പോർട്ട്; പഴയ റിപ്പോർട്ട് നൽകി മന്ത്രിയെയും പറ്റിച്ചു

സ്വന്തം ലേഖകൻ
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്വകാര്യ ലാബുകാരും ഡോക്ടർമാരും തമ്മിലുള്ള ഒത്തുകളിയ്ക്ക് കൂടുതൽ തെളിവുകൾ പുറത്ത്. സാധാരണക്കാരിയായ ഒരു വീട്ടമ്മയെ കാൻസർ രോഗിയാക്കിയ സംഭവം ലഘൂകരിക്കാനാണ് ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ ശ്രമിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ നേരത്തെ തയ്യാറാക്കിയ റിപ്പോർട്ട് പൊടിതട്ടിയെടുത്ത് മന്ത്രി കെ.കെ ശൈലജയ്ക്ക് ഇപ്പോൾ അയച്ചു നൽകിയിരിക്കുകയാണ്. ഇതോടെയാണ് സ്വകാര്യ ലാബ് മാഫിയയും ഡോക്ടർമാരും തമ്മിലുള്ള അവിശുദ്ധ കൂട്ട് കെട്ട് പുറത്തു വന്നിരിക്കുന്നത്.
മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപത്തെ ഡയനോവ ലാബിൽ നടത്തിയ ബയോപ്‌സി പരിശോധനയിലാണ് മാവേലിക്കര കൊടശനാട് ചിറയ്ക്കൽ കിഴക്കേക്കര രജനിയ് (38)ക്ക് കാൻസർ ആണെന്ന് കണ്ടെത്തിയത്. തുടർന്ന് കീമോ തെറാപ്പി ചികിത്സ രജനിയ്ക്ക് ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് നടത്തിയ പരിശോധനയിൽ രജനിയ്ക്ക് കാൻസർ രോഗബാധ ഇല്ലെന്ന് കണ്ടെത്തി. ഇതേ തുടർന്നാണ് സ്വകാര്യ ലാബിനെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി മെഡിക്കൽ കോളേജ് ആശുപത്രി പ്രിൻസിപ്പലിന് നിർദേശം നൽകിയത്.
ഡയനോവ ലാബിലെ മേധാവിയായി ഇപ്പോൾ പ്രവർത്തിക്കുന്ന നേരത്തെ മെഡിക്കൽ കോളേജ് പാതോളജി വിഭാഗത്തിലെ മേധാവിയായിരുന്നു. ഇദ്ദേഹം സർവീസിൽ നിന്നും വിരമിച്ച ശേഷം ലക്ഷങ്ങൾ ശമ്പളം വാങ്ങിയാണ് ഡയനോവയിൽ മേധാവിയായി എത്തിയത്. ഈ സാഹചര്യത്തിൽ ഡോക്ടർ നൽകുന്ന റിപ്പോർട്ട് സംശയിക്കേണ്ട സാഹചര്യമില്ലെന്നാണ് കരുതിയതെന്നാണ് ഡോക്ടർമാർ മെഡിക്കൽ കോളേജ് ആശുപത്രി പ്രിൻസിപ്പലിന് നൽകിയ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ മന്ത്രിയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നതും.
കഴിഞ്ഞ ഫെബ്രുവരിയിലാണ് രജനിയ്ക്ക് കാൻസറുണ്ടെന്ന് ലാബ് റിപ്പോർട്ട് ലഭിച്ചതും ചികിത്സ നടത്തിയതും. ഇതിനു ശേഷമാണ് ആശുപത്രി അധികൃതർ റിപ്പോർട്ട് തയ്യാറാക്കിയതും. പുതിയ സാഹചര്യത്തിൽ പോലും ഈ റിപ്പോർട്ട് പൊടിതട്ടിയെടുത്ത് മന്ത്രിയ്ക്ക് നൽകുകയാണ് ആശുപത്രി അധികൃതർ ചെയ്തത്. പുതിയ അന്വേഷണം നടത്താൻ പോലും ഇവർ തയ്യാറായിരുന്നില്ല.
രോഗിയ്ക്ക് ചികിത്സ വൈകാതിരിക്കാനാണ് മെഡിക്കൽ കോളേജിലെ പതോളജി ലാബിലെ റിപ്പോർട്ട് വരും വരെ കാത്തിരിക്കാതിരുന്നതെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ജോസ് ജോസഫ് നൽകിയ റിപ്പോർട്ടിൽ പരാമർശിക്കുന്നു. രോഗിയ്ക്ക് കാൻസർ ഇല്ലെന്ന് കണ്ടെത്തിയ മാർച്ചിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് തന്നെയാണ് ഇപ്പോഴും ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് സമർപ്പിച്ചിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഡയനോവ ലാബിൽ അടക്കം നേരത്തെ തന്നെ പ്രത്യേക മെഡിക്കൽ സംഘം പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. തെറ്റ് സംഭവിച്ചത് സ്വകാര്യ ലാബിന്റെ ഭാഗത്തു നിന്നാണെന്ന് നേരത്തെ തന്നെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മെഡിക്കൽ കോളേജിലെ പതോളജി വിഭാഗത്തിൽ നിന്നും വിരമിച്ച ഡോക്ടർ ഒപ്പിട്ട പരിശോധനാ സർട്ടിഫിക്കറ്റാണ് ഡയനോവയിൽ നിന്നും നൽകിയത്. ഈ സാഹചര്യത്തിൽ സംശയിക്കേണ്ട സാഹചര്യം ഒന്നുമില്ലെന്ന് കണ്ടാണ് യുവതിയ്ക്ക് ചികിത്സ ആരംഭിച്ചത്. മെഡിക്കൽ കോളേജിലെ ജനറൽ സർജറി വിഭാഗം വിദഗ്ധ ചികിത്സയ്ക്കായി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് രോഗിയെ ഓങ്കോളജി വിഭാഗത്തിലേയ്ക്ക് മാറ്റിയതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ആദ്യ കീമോതെറാപ്പിക്കുശേഷമാണ് കാൻസറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്. വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യലാബിൽ നൽകിയ സാംപിളും ഡോക്ടർമാരുടെ നിർദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബിലും തിരുവനന്തപുരം ആർസിസിയിലും പരിശോധിച്ചെങ്കിലും കാൻസർ കണ്ടെത്താനായില്ലന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.