
സ്വന്തം ലേഖിക
മലപ്പുറം: വിദ്യാർത്ഥികൾക്ക് ഹാൻസും കഞ്ചാവും ബീഡിയും നൽകി സൗഹൃദമുണ്ടാക്കി വശീകരിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 59കാരൻ പിടിയിൽ. മലപ്പുറം, തിരൂർ മേഖലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികളെ ലഹരിമരുന്ന് നൽകി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മലപ്പുറം തലക്കടത്തൂർ സ്വദേശി കുന്നത്ത് പറമ്പിൽ മുസ്തഫ(59)യെ തിരൂർ പൊലീസ് പിടികൂടിയത്.
ലഹരിയുല്പന്നങ്ങളായ ഹാൻസ്, കഞ്ചാവ് ബീഡി എന്നിവ കുട്ടികൾക്ക് നൽകി സൗഹൃദമുണ്ടാക്കുകയാണ് പ്രതിയുടെ രീതി. പിന്നീട് ഇവ തേടി സമീപിക്കുമ്പോഴാണ് പീഡനത്തിനിരയാക്കുന്നത്. വീട്ടുകാർ കുട്ടികളിൽ നിന്ന് ഹാൻസും ബീഡിയും കണ്ടെടുത്തതോടെയാണ് വിവരങ്ങളറിഞ്ഞ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യം ഒരു കുട്ടിയിൽനിന്നാണ് ലഹരിവസ്തുക്കൾ വീട്ടുകാർ കണ്ടെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നു ഈ വിദ്യാർത്ഥിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ കുട്ടികൾ ഇത്തരം ചതിയിൽപ്പെട്ടതായി മനസ്സിലായത്. തുടർന്ന് വിദ്യാർത്ഥിയിൽനിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം മറ്റുകുട്ടികളുമായി സംസാരിച്ചപ്പോഴാണ് സമാനമായ രീതിയിൽ പ്രതിയുടെ വലയത്തിൽപ്പെട്ടതായി മനസ്സിലായത്.
തിരൂർ സിഐ ജിജോയുടെ നേതൃത്വത്തിൽ എസ്‌ഐ അബ്ദുൾ ജലീൽ കറുത്തേടത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിജിത്ത്, സിവിൽ പൊലീസ് ഓഫീസർ ഉണ്ണിക്കുട്ടൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.