
കനിവില്ലാതെ കനറാ ബാങ്ക്; ആത്മഹത്യ ചെയ്ത വനിത മാനേജർക്ക് കുടിശ്ശിക അടക്കാൻ നോട്ടീസ്
സ്വന്തം ലേഖകൻ
തൃശൂർ: ജോലിയിലെ സമ്മർദം താങ്ങാനാവാതെ ആത്മഹത്യ ചെയ്ത വനിത മാനേജർ വീടുണ്ടാക്കാനെടുത്ത വായ്പ അടച്ചുതീർക്കാൻ കനറാ ബാങ്കിൻറെ നോട്ടീസ്.
അച്ഛനില്ലാത്ത, പറക്കമുറ്റാത്ത രണ്ട് മക്കളെ ഭർതൃമാതാപിതാക്കളുടെയടുത്താക്കി വിദൂര ജില്ലയിൽ ജോലി ചെയ്യവെ ആത്മഹത്യ ചെയ്ത തൃശൂർ മണ്ണുത്തി മുല്ലക്കര സാബു നിവാസിൽ കെ.എസ്. സ്വപ്നക്കാണ് കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ റിക്കവറി ആൻഡ് ലീഗൽ സെക്ഷൻ നോട്ടീസയച്ചത്. കനറാ ബാങ്ക് കണ്ണൂർ തൊക്കിലങ്ങാടി ശാഖ മാനേജരായിരിക്കെയാണ് ‘മക്കളെ ഉപേക്ഷിച്ച് ജോലിക്കെത്തിയ തനിക്ക് ജോലിയിലെ സമ്മർദം താങ്ങാവുന്നതിലപ്പുറമാണ്’ എന്ന് എഴുതിവെച്ച് ഓഫിസിൽ ഇവർ ആത്മഹത്യ ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട് നിർമാണത്തിനായി വായ്പയെടുത്ത 50 ലക്ഷം രൂപയിൽ ഗഡുക്കൾ അടച്ചത് കഴിച്ച് ഒറ്റത്തവണ തീർപ്പാക്കൽ വ്യവസ്ഥയിൽ 43.94 ലക്ഷം രൂപ അടക്കണമെന്നും ഇതിനായി ഈമാസം 15ന് തൃശൂർ റീജനൽ ഓഫിസിൽ നടക്കുന്ന അദാലത്തിൽ പങ്കെടുക്കണമെന്നുമാണ് സ്വപ്നയുടെ പേരിൽ കഴിഞ്ഞദിവസം വന്ന നോട്ടീസിലുള്ളത്.
സ്വപ്നയുടെ രണ്ട് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന വയോധികരായ ഭർതൃപിതാവും മാതാവും നോട്ടീസ് കണ്ട് ആശങ്കയിലാണ്.ഭർത്താവ് കെ.എസ്. സാബു 2018 ഡിസംബറിൽ, 41ാം വയസ്സിൽ ഹൃദയാഘാതം മൂലം മരിക്കുമ്ബോൾ സ്വപ്ന കനറാ ബാങ്ക് ബംഗളൂരു കൻറോൺമെൻറ് ശാഖയിൽ അസിസ്റ്റൻറ് മാനേജരായിരുന്നു. രണ്ട് ചെറിയ മക്കളുടെ സംരക്ഷണമുള്ളതിനാൽ സ്വപ്നക്ക് തൃശൂർ പടിഞ്ഞാറെകോട്ട ശാഖയിലേക്ക് മാറ്റം അനുവദിച്ചു. എന്നാൽ, മാനേജരായി സ്ഥാനക്കയറ്റത്തോടൊപ്പം 2020 സെപ്റ്റംബറിൽ കണ്ണൂർ തൊക്കിലങ്ങാടി ശാഖയിലേക്ക് മാറ്റി.
ചെറിയ കുട്ടികളുടെ സംരക്ഷണമുള്ള വിധവകൾക്ക് അവർക്ക് സൗകര്യപ്രദമായ സ്ഥലത്ത് ജോലി ചെയ്യാൻ അനുവദിക്കണമെന്ന വ്യവസ്ഥ അവഗണിച്ചായിരുന്നു മാറ്റം. ഇതോടെ കുട്ടികളെ ഭർതൃപിതാവിനും മാതാവിനും ഒപ്പമാക്കി സ്വപ്ന കണ്ണൂരിൽ താമസമാക്കി. ജോലിയിലെ കടുത്ത സമ്മർദവും ദൂരെയുള്ള മക്കളെച്ചൊല്ലിയുള്ള ആധിയും താങ്ങാനാവാതെ കഴിഞ്ഞ വർഷം ഏപ്രിൽ ഒമ്പതിനാണ് ആത്മഹത്യ ചെയ്തത്.2017ൽ സ്വപ്ന ഭർത്താവിൻറെ വീടിനോട് ചേർന്ന് വീടുണ്ടാക്കാൻ 50 ലക്ഷം രൂപ കനറാ ബാങ്കിൽനിന്ന് വായ്പയെടുത്തിരുന്നു.
പിന്നീട് 10 ലക്ഷം രൂപ ഓവർഡ്രാഫ്റ്റും എടുത്തു. 2020 ആഗസ്റ്റിൽ വീട് നിർമാണം പൂർത്തിയായി. ഈ വായ്പ ബാങ്ക് കിട്ടാക്കടത്തിൽ ഉൾപ്പെടുത്തിയാണ് നടപടി തുടങ്ങിയിരിക്കുന്നത്. സ്വപ്ന എടുത്ത വായ്പ പൂർണമായും എഴുതിത്തള്ളണമെന്നും കുട്ടികളുടെ പഠനത്തിനും തുടർന്നുള്ള ആവശ്യങ്ങൾക്കും പ്രത്യേക നഷ്ടപരിഹാരം അനുവദിക്കണമെന്നും വിദ്യാഭ്യാസം പൂർത്തിയാകുമ്ബോൾ സ്വപ്നയുടെ മകന് ജോലി നൽകണമെന്നും അപേക്ഷിച്ച് ഭർതൃപിതാവ് കെ.പി. ശ്രീധരനും മാതാവ് കെ. രുഗ്മിണിയും കഴിഞ്ഞ വർഷം സെപ്റ്റംബർ 20ന് കനറാ ബാങ്ക് കേരള സർക്കിൾ ജനറൽ മാനേജർക്ക് കത്ത് നൽകിയിരുന്നു.
ഇത് ബംഗളൂരു ഹെഡ് ഓഫിസിലേക്ക് അയച്ചെന്നല്ലാതെ വേറെ മറുപടിയൊന്നും ലഭിച്ചില്ല. എളമരം കരീം എം.പിയും ’ബെഫി’ സംസ്ഥാന പ്രസിഡൻറ് എസ്.എസ്. അനിലും അടക്കമുള്ളവർ സംസ്ഥാന മനുഷ്യാവകാശ കമീഷന് നൽകിയ പരാതിയിൽ പൊതുവായ ചില നിർദേശങ്ങളാണ് പുറപ്പെടുവിച്ചത്. സ്വപ്നയുടെ വായ്പ എഴുതിത്തള്ളാൻ ബാങ്കിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എം.പി കേന്ദ്ര ധനമന്ത്രിക്ക് കത്തും നൽകിയിരുന്നു. അതിലും നടപടി ഉണ്ടായില്ല.