പത്തനംതിട്ടയിൽ രണ്ടുകിലോ കഞ്ചാവുമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍
സ്വന്തം ലേഖിക
പത്തനംതിട്ട :പത്തനംതിട്ടയിൽ രണ്ടുകിലോ കഞ്ചാവുമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍.
കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ക്കെതിരായ പോലീസ് നടപടി തുടരുന്ന സാഹചര്യത്തിലാണ് ഇരുവരും പിടിയിലായത് . ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ആന്റി നര്‍കോട്ടിക്സ് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും ( ഡാന്‍സാഫ് ), അടൂര്‍ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവാക്കള്‍ അറസ്റ്റിലായത് .
പാലമേല്‍ കുടശ്ശനാട് കഞ്ചുക്കോട് പൂവണ്ണും തടത്തില്‍ വീട്ടില്‍ നിസാറുദ്ദീന്റെ മകന്‍ അന്‍സല്‍ (27), അടൂര്‍ പെരിങ്ങനാട് മേലൂട് സതീഷ് ഭവനം വീട്ടില്‍ ബാസിയുടെ മകന്‍ വിനീഷ്(27) എന്നിവരെയാണ് നെല്ലിമൂട്ടില്‍പ്പടി ട്രാഫിക് പോയിന്റില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന്റെ സീറ്റിനടിയില്‍ നിന്നും തുണി സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ 2.085 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കൈകാണിച്ചിട്ട് നിര്‍ത്താതെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞുനിര്‍ത്തി പിടികൂടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി ആര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഡാന്‍സാഫ് സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ ഏനാത്ത്, നെല്ലിമൂട്ടില്‍പ്പടി റൂട്ടില്‍ മണിക്കൂറുകളോളം നിരീക്ഷണം നടത്തിയതിനൊടുവിലാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചത്. വെട്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ തടയുന്നതിനിടയില്‍ സ്കൂട്ടര്‍ മറിഞ്ഞുവീണ് ഡാന്‍സാഫ് അംഗമായ എസ് ഐ അജി സാമൂവലിന്റെ കാലിന് പരിക്ക് പറ്റുകയും ചെയ്തു.
ഏനാത്ത് നിന്നും അടൂര്‍ ഭാഗത്തേക്ക് സ്കൂട്ടറില്‍ കഞ്ചാവുമായി രണ്ടുപേര്‍ വരുന്നുണ്ടെന്ന രഹസ്യവിവരം, ഡാന്‍സാഫ് ടീമിനും അടൂര്‍ പോലീസിനും കൈമാറിയതിനെ തുടര്‍ന്ന് നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ കുടുങ്ങിയത്. അന്‍സല്‍ അടൂര്‍, നൂറനാട്, ഹരിപ്പാട്, കായംകുളം തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ മോഷണം,, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കഞ്ചാവിന്റെ ഉറവിടവും എത്തിക്കാന്‍ ഉദ്ദേശിച്ചത് ഇടവും തുടങ്ങിയ വിവരങ്ങള്‍ക്കായി പ്രതികളെ വിശദമായി ചോദ്യം ചെയ്തു.
ക്രിമിനല്‍ പശ്ചാത്തലംലമുള്ള ഒന്നാം പ്രതിയെസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും, ലഹരി വസ്തുക്കള്‍ക്കെതിരായ പരിശോധന തുടരുമെന്നും, ഇത്തരം ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികളെടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ IPS അറിയിച്ചു.