ഇന്ന് ഖത്തറിൽ ഇംഗ്ലണ്ടിന് ഇറാനിയൻ വെല്ലുവിളി;വാക്കറില്ലാതെയും ഈസി വാക്കിന് ഇംഗ്ലണ്ട്, ഹാട്രിക്ക് ലോകകപ്പിൽ ‘ബസ് പാർക്കിങ്ങി’ലൂടെ ഇംഗ്ലണ്ടിന് പൂട്ടിടാൻ ഇറാൻ.
നേട്ടങ്ങളുടെ പുതിയ പുലരികളിലേക്ക് പ്രതീക്ഷയോടെ ഇംഗ്ലണ്ട്,പതിവു നിരാശകൾക്ക് അറുതിവരുത്താനുള്ള മോഹങ്ങളുമായി ഇറാനും.ഗ്രൂപ് ബിയിൽ ആദ്യ അങ്കത്തിൽ ഇരു ടീമുകളും അങ്കത്തിനിറങ്ങുമ്പോൾ ആവേശമുയരുമെന്നതിൽ തർക്കമില്ല.
മാഞ്ചസ്റ്റർ സിറ്റിയുടെ കരുത്തനായ പ്രതിരോധഭടൻ കെയ്ൽ വാക്കർ പരിക്കിനുശേഷം പൂർണ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെങ്കിലും കോച്ച് ഗാരെത് സൗത്ത്ഗേറ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.എന്നാൽ ഇന്ന് ഇറാനെതിരെ വാക്കർ കളിക്കില്ല. എവർട്ടണിന്റെ ഗോൾവല കാക്കുന്ന ജോർഡാൻ പിക്ഫോർഡാണ് ബാറിനു കീഴെ ഗ്ലൗസണിയുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിഭകളായ ഹാരി മഗ്വയർ, ലൂക് ഷോ, ന്യൂകാസിൽ യുണൈറ്റഡ് നായകൻ കീറൻ ട്രിപ്പിയർ, മാഞ്ചസ്റ്റർ സിറ്റിയുടെ ജോൺ സ്റ്റോൺസ് എന്നിവരാകും ഇന്ന് പിൻനിരയിൽ കോട്ടകെട്ടാനിറങ്ങുക. വെസ്റ്റ്ഹാമിന്റെ ഡിഫൻസിവ് മിഡ്ഫീൽഡർ ഡെക്ക്ലെൻ റൈസ് ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ ഇംഗ്ലീഷ് നിരയ്ക്ക് സഹായകമാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജർമനിയിൽ ബൊറൂസിയ ഡോർട്മുണ്ടിന് കളിക്കുന്ന 19 വയസ്സു മാത്രമുള്ള മിഡ്ഫീൽഡർ ജൂഡ് ബെല്ലിങ്ഹാമിനെ ഇറാനെതിരെ കോച്ച് പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയേക്കും. സെൻട്രൽ മിഡ്ഫീൽഡിൽ പരിചയസമ്പന്നനായ ജോർഡാൻ ഹെൻഡേഴ്സണ് നറുക്കു വീഴുമോയെന്ന് കാത്തിരുന്നു തന്നെ കാണണം. ചെൽസിയുടെ മാസൺ മൗണ്ടായിരിക്കും മധ്യനിരയിൽ കരുനീക്കാനിറങ്ങുന്ന മറ്റൊരാൾ.
ജാക് ഗ്രീലിഷ്, മാർകസ് റാഷ്ഫോർഡ്, ബുകായോ സാക എന്നീ മിടുക്കർ പകരക്കാരുടെ ബെഞ്ചിലിരിക്കുമ്പോഴറിയാം ഇംഗ്ലീഷ് ആക്രമണനിരയുടെ ആഴം. നായകൻ ഹാരി കെയ്നിനൊപ്പം യുവതാരങ്ങളായ റഹീം സ്റ്റെർലിങ്ങും ഫിൽ ഫോഡനും ചേർന്നാൽ ഏതു പ്രതിരോധവും പിളർത്താനാവുമെന്നുറപ്പ്.
അർധാവസരങ്ങൾപോലും ഗോളാക്കി മാറ്റാൻ കഴിയുന്ന ഹാരി കെയ്നിന്റെ സാന്നിധ്യം. അയാളെ പിന്തുണക്കാൻ സ്റ്റെർലിങ്, ഫോഡൻ, സാക അടക്കം ക്രിയേറ്റിവായി കളിക്കാൻ കഴിയുന്ന യുവതാരങ്ങളുടെ ബാഹുല്യം.ചടുല വേഗതയിലുള്ള പ്രത്യാക്രമണ ശൈലിയും കണിശതയുള്ള പാസ്സിങ്ങും ഇംഗ്ലീഷ് നിരയുടെ പ്രധാന കരുത്തായി വിലയിരുത്തപ്പെടുന്നു.
പരിക്കും മോശം ഫോമും കാരണം അത്രമേൽ ആത്മവിശ്വാസം പുലർത്താത്ത പ്രതിരോധ നിറയും ഭാവനാസമ്പന്നമായ നീക്കങ്ങളിലൂടെ മുൻനിരക്ക് നിരന്തരം പന്തെത്തിക്കാൻ മധ്യനിരയ്ക്കുള്ള പ്രാപ്തിക്കുറവുമാണ് ടീമിന്റെ പ്രധാന ദൗർബല്യം.ഇത് എത്രത്തോളം പരിഹരിക്കാൻ കോച്ച് ഗാരെത് സൗത്ത് ഗേറ്റിന് സാധിച്ചു എന്നതനുസരിച്ചാവും ഈ ലോകകപ്പിലെ ഇംഗ്ലീഷ് സാദ്ധ്യതകൾ.
മറുവശത്ത്,ഇറാനിത് ഹാട്രിക് ലോകകപ്പാണ്.കഴിഞ്ഞ രണ്ടു തവണയും ഗ്രൂപ് ഘട്ടം പിന്നിടാനാവാത്ത നിരാശ മാറ്റാനാകും അവരുടെ പ്രധാന ശ്രമം. പോർചുഗൽ, ജർമനി, ഗ്രീസ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ മുൻനിര ക്ലബുകൾക്കായി ബൂട്ടണിയുന്ന ഒരുപിടി താരങ്ങളാണ് ഇറാനുവേണ്ടി കളത്തിലിറങ്ങുന്നത്.
ഡൈനാമോ സാഗ്റബിന്റെ സദേഗ് മുഹമ്മദി, എ.ഇ.കെ. ആതൻസിന് കളിക്കുന്ന മിലാദ് മുഹമ്മദി, പെരെസ്പോളിസിന് ബൂട്ടണിയുന്ന മുർതസ പൗരാളിഗൻജി, മജീദ് ഹുസൈനി എന്നിവരാണ് പ്രതിരോധത്തിൽ. സമനില ലക്ഷ്യമിട്ട്, പിന്നണിയിൽ പഴുതില്ലാതെ കാവൽനിൽക്കുകയെന്ന തന്ത്രത്തിലൂന്നി ‘ബസ് പാർക്കിങ്’ തന്ത്രങ്ങളാവും പതിവുപോലെ ഇറാൻ അവലംബിക്കുക.
സഈദ് ഇസ്സത്തുല്ലാഹിയും അഹ്മദ് നൂറുല്ലാഹിയും മധ്യനിരയെ നയിക്കും. ഫെയനൂർദ് സ്ട്രൈക്കർ അലി റേസ ജഹൻബക്ഷ് ആണ് ടീമിന്റെ നായകൻ. കഴിഞ്ഞ ലോകകപ്പിൽ പോർചുഗലിനെതിരെ സുവർണാവസരം തുലച്ച മെഹ്ദി തരേമിയാകും മുൻനിരയിൽ ക്യാപ്റ്റനൊപ്പം. പോർചുഗലിലെ മുൻനിര ടീമായ പോർട്ടോക്ക് കളിക്കുന്ന തരേമിക്ക് റഷ്യയിലെ നൈരാശ്യത്തിന് കണക്കുതീർക്കേണ്ടതുമുണ്ട്.
വമ്പൻ എതിരാളികൾക്കെതിരെ പ്രതിരോധത്തിൽ പടുകോട്ട കെട്ടിയുള്ള നീക്കങ്ങളിലൂടെ അവരുടെ ആത്മവിശ്വാസം ഉലയ്ക്കുക എന്ന പതിവ് തന്ത്രവും പൊടുന്നെനെയുള്ള പ്രത്യാക്രമണത്തിലൂടെ ഗോൾ നേടുക എന്ന ശൈലിക്കുമൊപ്പം പോർച്ചുഗീസ്‌കാരനായ കാർലോസ് ക്വീറോസ് വീണ്ടും പരിശീലകനായെത്തിയതും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡിഫൻസിവ് സ്ട്രാറ്റജിയെ കനപ്പിക്കും എന്നതാണ് ഇറാന്റെ പ്രധാന ശക്തി.
ടീമിൽ നിലനിൽക്കുന്ന പപടലപ്പിണക്കങ്ങൾ മൈതാനത്തേക്കും പടർന്നാൽ അത് കളിയെ ബാധിക്കുമെന്നതിൽ സംശയമില്ല മാത്രമല്ല വമ്പൻ വേദികളിൽ അവസരങ്ങൾ യഥാസമയം മുതലെടുക്കാൻ കഴിയാത്തവരെന്ന പഴി പേറുന്ന ടീം എന്നതും ഇറാന്റെ ദൗർബല്യമായി പറയാം.