ദുരിതാശ്വാസ ക്യാമ്പിൽ തേർഡ് ഐ ന്യൂസ് ലൈവിന്റെ മൂന്നാം ഘട്ട സഹായം: ജില്ലയിലെ വിവിധ ക്യാമ്പുകളിൽ എത്തിച്ചത് അവശ്യസാധനങ്ങൾ; പിൻതുണ നൽകി പൊലീസും സന്നദ്ധ സംഘടനകളും
സ്വന്തം ലേഖകൻ
കോട്ടയം: പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ നാളുകൾക്കുള്ളിൽ ദുരിതാശ്വാസ രംഗത്തും മികവ് തെളിയിച്ച് തേർഡ് ഐ ന്യൂസ് ലൈവ്. കേരളം അനുഭവിച്ച ഏറ്റവും വലിയ പ്രളയ ദുരിതത്തിൽ ഞങ്ങളാൽ കഴിയുന്ന സഹായവുമായി കഴിഞ്ഞ ഒരാഴ്ച ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ തേർഡ് ഐ ന്യൂസ് ലൈവുമുണ്ടായിരുന്നു. പൊലീസും, വിവിധ സന്നദ്ധ സംഘടനകളുമായി കൈ കോർത്താണ് ഞങ്ങളുടെ ടീം സഹായം വിതരണം ചെയ്തത്. ദുരിതാശ്വാസ ക്യാമ്പുകളിലെ മൂന്നാം ഘട്ട സഹായമായി ചൊവ്വാഴ്ച വിവിധ സാധനങ്ങൾ എത്തിച്ചു നൽകി. അരിയും തുണിയും പലചരക്കും പച്ചക്കറികളും ഇതിന്റെ ഭാഗമായി ക്യാമ്പുകളിൽ വിതരണം ചെയ്തിട്ടുണ്ട്.
ദുരിതം വാ പിളർത്തിയെത്തിയ 17 -ാം തീയതി മുതലാണ് തേർഡ് ഐ ന്യൂസ് ലൈവ് ദുരിതബാധിതരെ സഹായിക്കാൻ രംഗത്തിറങ്ങിയത്. തേർഡ് ഐ ന്യൂസ് ലൈവിന്റെ വെബ് സൈറ്റിലും, വാട്‌സ് അപ്പ് ഗ്രൂപ്പിലും, സോഷ്യൽ മീഡിയ പ്‌ളാറ്റ്‌ഫോമുകളിലും ഇതു സംബന്ധിച്ചുള്ള അറിയിപ്പുകൾ നൽകിയിരുന്നു. ഇതേ തുടർന്ന് വിവിധ സന്നദ്ധ സംഘടനകളും പൊലീസും, വ്യക്തികളും, തേർഡ് ഐ ന്യൂസ് ലൈവിന്റെ അഭ്യുദയകാംഷികളും സഹായ വാഗ്ദാനവുമായി രംഗത്ത് എത്തി. തുടർന്ന് അരിയും പയറും പച്ചക്കറിയും തുണിത്തരങ്ങളും മറ്റ് ഭക്ഷണസാധനങ്ങളും അവശ്യവസ്തുക്കളും എല്ലാം തേർഡ് ഐ ന്യൂസ് ലൈവിന്റെ ഓഫിസുകളിൽ എത്തി. ശനിയാഴ്ച മുതലാണ് ജില്ലയിലെ വിവിധ ക്യാമ്പുകളിൽ ഈ സാധനങ്ങൾ ഞങ്ങളുടെ വാളണ്ടിയർമാർ വിതരണം ചെയ്തു തുടങ്ങിയത്.
ബുധനാഴ്ച ചങ്ങനാശേരി വടക്കേക്കര പ്ലാസിഡ് വിദ്യാവിഹാർ സ്‌കൂൾ, കൊല്ലാട് ഇമ്മൗസ് പബ്ലിക്ക് സ്‌കൂൾ, ചെങ്ങളം വായനശാലാ സ്‌കൂൾ, കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ സ്‌കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ് സാധനങ്ങൾ വിതരണം ചെയ്തത്. വനിതാ സെൽ എസ്.ഐ ഉഷാകുമാരി, വനിതാ സിവിൽ പൊലീസ് ഓഫിസർമാരായ നിഷാ, ലേഖ, മഞ്ചു, സുപ്രിയ, അമ്പിളി എന്നിവരുടെ നേതൃത്വത്തിലാണ് സാധനങ്ങൾ വിവിധ ക്യാമ്പുകളിൽ വിതരണം ചെയ്തത്. സെന്റിനറി ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ക്യാമ്പുകളിൽ തേർഡ് ഐ ന്യൂസ് ലൈവിന്റെ സഹകരണത്തോടെയാണ് സാധനങ്ങൾ വിതരണം ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group