
ദുരിതാശ്വാസ ക്യാമ്പുകളിൽ ആശ്വാസവുമായി പൊലീസ്: ജില്ലയിൽ വീണ്ടും പെരുമഴ എത്തി; ക്യാമ്പുകളിലേയ്ക്ക് കൂടുതൾ ആളുകൾ എത്തുന്നു
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ശനിയാഴ്ച രാവിലെയും കനത്ത മഴ തുടരുന്നു. ഇതേ തുടർന്ന് പല സ്ഥലത്തും ജല നിരപ്പ് ഉയർന്നിട്ടുണ്ട്. ഇതോടെ ജില്ലയിൽ കൂടുതൽ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറിയിട്ടുണ്ട്. ഈ ക്യാമ്പുകളിലായി കൂടുതൽ ആളുകൾ ഇപ്പോൾ എത്തിയിട്ടുണ്ട്. ഇതിനിടെ ഇവർക്ക് ആശ്വാസവുമായി കൂടുതൽ സന്നദ്ധ സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ തവണ പ്രളയകാലത്ത് രംഗത്തിറങ്ങിയ പൊലീസ് ഇക്കുറി ആദ്യം മുതൽ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. ജില്ലയിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും പൊലീസ് ഭക്ഷണ വിതരണവും സുരക്ഷ ഉറപ്പാക്കുന്നതിനായി എത്തിയിട്ടുണ്ട്. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിലെ ദുരിതാശ്വാസ ക്യാമ്പിൽ ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെ തന്നേ സന്ദർശനം നടത്തി. തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളവർക്ക് പൊലീസിന്റെ സുരക്ഷാ സന്ദേശങ്ങൾ നൽകി. തുടർന്ന് ഭക്ഷണവും സുരക്ഷാ മാനദണ്ഡങ്ങളും അറിയിച്ചു. സി.ഐയുടേത് അടക്കമുള്ള ഫോൺ നമ്പരുകൾ നൽകിയ ശേഷമാണ് പൊലീസ് സംഘം ദുരിതാശ്വാസ ക്യാമ്പിൽ നിന്നും മടങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാരാപ്പുഴ ഹയർസെക്കൻഡറി സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ക്യാമ്പിൽ എത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ജില്ലയിൽ 57 കേന്ദ്രങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. 1973 ആളുകളാണ് ഈ ക്യാമ്പുകളിൽ ഉള്ളത്. 588 കുടുംബങ്ങളാണ് ഈ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. 802 പുരുഷന്മാരും, 860 സ്ത്രീകളും, 311 കുട്ടികളുമാണ് ക്യാമ്പുകളിൽ കഴിയുന്ന്. കോട്ടയം താലൂക്കിലെ 39 ദുരിതാശ്വാസ ക്യാമ്പുകളിലായി 314 കുടുംബങ്ങളിലെ 996 അംഗങ്ങളാണ് കഴിയുന്നത്. മീനച്ചിൽ താലൂക്കിലെ 11 ക്യാമ്പുകളിലായി 206 കുടുംബങ്ങളിലായി 760 ആളുകളാണ് താമസിക്കുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ ആറ് ദുരിതാശ്വാസ ക്യാമ്പിൽ 41 കുടുംബങ്ങളിലെ 122 അംഗങ്ങളാണ് താമസിക്കുന്നത്.
മഴക്കെടുതി _ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്ഥിതിഗതികൾ വിലയിരുത്തി. ഇന്ന് രാവിലെ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും പങ്കെടുത്തു. ദുരിതാശ്വാസ ക്യാമ്പുകളിൽ മന്ത്രി നേരിട്ട് സന്ദർശനം നടത്തി.