
തേർഡ് ഐ ബ്യൂറോ
ചങ്ങനാശേരി: വീടിനു ചുറ്റും ക്യാമറ വച്ച് സുരക്ഷ ഉറപ്പാക്കിയ ശേഷം വ്യാജ വാറ്റ് നടത്തിയ പ്രതി പൊലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിൽ കുടുങ്ങി. വീട്ടിലേയ്ക്കു പൊലീസ് സംഘം എത്തുന്നത് ക്യാമറയിലൂടെ കണ്ടതിനെ തുടർന്നു ചാരായവും കോടയും ഒഴുക്കിക്കളയാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെടൽ ഇത് പൊളിച്ചു.
സംഭവത്തിൽ പ്രതിയായ തൃക്കൊടിത്താനം മാമ്മൂട് ചെന്നാമറ്റം ചിറപ്പുരയിടം വീട്ടിൽ സി.സി മനോജിനെ (45)യാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും തൃക്കൊടിത്താനം പൊലീസും ചേർന്നു പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോക്ക് ഡൗണിനെ തുടർന്നു ബാറും ബിവറേജുകളും അടച്ചത് മുതലെടുത്ത് മനോജ് വൻ തോതിൽ ചാരായം വാറ്റുന്നതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ഒരാഴ്ചയിൽ ഏറെയായി പൊലീസ് സംഘം മനോജിന്റെ വീട്ടിൽ രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതോടെയാണ് ഇയാൾ ക്യാമറയുടെ സുരക്ഷയിലാണ് വാറ്റ് നടത്തുന്നത് എന്നു കണ്ടെത്തിയത്.
തുടർന്നു പൊലീസ് വാറ്റ് വാങ്ങാനെന്ന വ്യാജേനെ ഇയാളെ സമീപിക്കുകയായിരുന്നു. ജില്ലാ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വിനോദ്പിള്ള, ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഞായറാഴ്ച പുലർച്ചെ ഇയാളുടെ വീട് വളയുകയായിരുന്നു. പൊലീസ് സംഘത്തെ കണ്ട് ഇയാൾ കോടയും , ചാരായവും ഒഴുക്കിക്കളയാൻ ശ്രമിച്ചു. എന്നാൽ, പൊലീസ് സംഘം ഇത് പിടിച്ചെടുക്കുകയായിരുന്നു.
ഒരു ലിറ്റർ ചാരായം രണ്ടായിരം രൂപ നിരക്കിലാണ് ഇയാൾ വിറ്റിരുന്നത്. അടിപിടിക്കേസിലും പോക്കറ്റടിക്കേസിലും പ്രതിയാണ് ഇയാൾ. തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണ, എസ്.ഐ എൻ.രാജേഷ്, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിലെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, അജയകുമാർ കെ.ആർ, തോംസൺ കെ.മാത്യു, ശ്രീജിത്ത് ബി.നായർ, അരുൺ എസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.