കളക്ടറോട് കൈക്കൂലി ചോദിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ ; ഇപ്പോൾ മാപ്പ് അപേക്ഷയുമായി നെട്ടോട്ടം ഓടുകയാണ്
സ്വന്തം ലേഖിക
മറയൂർ: സംസ്ഥാന പാതയിൽ കേരള- തമിഴ്‌നാട് അതിർത്തിയായ ചിന്നാറിൽ കൊക്കയിലേക്ക് മറിഞ്ഞ കളക്ടറുടെ കാർ എടുക്കാൻ 10,000 രൂപ കൈക്കൂലി ചോദിച്ച് തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ അഹമ്മദാബാദ് ജില്ലാ കളക്ടറും മറയൂർ മാശിവയൽ സ്വദേശിയുമായ അരുൺ മഹേഷ് ബാബുവിന്റെ കാറാണ് തമിഴ്‌നാട് വനംവകുപ്പ് ചെക്‌പോസ്റ്റിന് സമീപം മറിഞ്ഞത്. കാറിൽ അരുൺ മഹേഷിന്റെ അച്ഛൻ ഷൺമുഖവും അമ്മ പാപ്പാത്തിയും സഹായിയും ഡ്രൈവർ ശെൽവരാജുമാണ് ഉണ്ടായിരുന്നത്. വനംവകുപ്പിന്റെ ജീപ്പ് കടന്നു പോകാനായി റോഡരികിലേക്ക് ഒതുക്കിയപ്പോൾ കാർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.അപകടത്തിൽ ആർക്കും പരിക്ക് പറ്റിയില്ല. തുടർന്ന് വനംവകുപ്പ് ജീവനക്കാർ കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് അപകട സ്ഥലത്ത് നിന്ന് 10 കിലോമീറ്റർ അകലെയുള്ള അമരാവതി റേഞ്ച് ഓഫീസിലെത്തിച്ചു. മറിഞ്ഞ കാർ എടുക്കണമെങ്കിൽ 10,000 രൂപ നൽകണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. കളക്ടറുടെ കാറാണെന്നും അപകടത്തിൽപ്പെട്ടത് അദ്ദേഹത്തിന്റെ മാതാപിതാക്കളാണെന്നും പറഞ്ഞിട്ട് ഉദ്യോഗസ്ഥർ ചെവികൊണ്ടില്ല. കളക്ടറുടെ തിരിച്ചറിയൽ കാർഡിന്റെ കോപ്പി കാണിച്ചപ്പോൾ ഇത് പിടിച്ചു വാങ്ങി. അരുൺ മഹേഷിന്റെ സഹോദരി ഡോ. കലൈവാണി തമിഴ്നാട് കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥയാണെന്ന കാര്യവും പറഞ്ഞിട്ടും കുലുക്കമില്ല. പകരം കൈക്കൂലി തുക 5000 ആയി കുറഞ്ഞു.ഈ സമയമത്രയും കളക്ടറുടെ മാതാപിതാക്കൾ അപകടസ്ഥലത്ത് തന്നെ നിൽക്കുകയായിരുന്നു. മൂന്ന് മണിക്കൂറോളം പെരുവഴിയിൽ നിന്ന ശേഷം മറയൂരിൽ നിന്നെത്തിയ ആട്ടോറിക്ഷയിൽ ഇവർ വീട്ടിലെത്തി. ഇതിനിടെ മറയൂരിലുള്ളവർ അരുൺ മഹേഷിനെ വിവരമറിയിച്ചു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. അരുൺ അറിയിച്ചതനുസരിച്ച് തിരുപ്പൂർ ഡി.എഫ്.ഒ പ്രശ്‌നത്തിൽ ഇടപെട്ടു. കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥരെ കൊണ്ടുതന്നെ കാർ എടുപ്പിച്ചു. ഇപ്പോൾ ജോലി പോകാതിരിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ കളക്ടറുടെ അച്ഛന്റെയും അമ്മയുടെയും പിന്നാലെ മാപ്പ് അപേക്ഷയുമായി നെട്ടോട്ടം ഓടുകയാണ്.