അക്ഷരനഗരിയിൽ മലബാർ വിഭവങ്ങളുടെ കലവറയൊരുക്കി കുടുംബശ്രീ
സ്വന്തംലേഖകൻ
കോട്ടയ൦ : ‘നുറുക്കു കോഴി’ എന്നു കേട്ടാൽ കോട്ടയത്തെ ആളുകൾ ഒരു നിമിഷം ചിന്തിക്കും, സംശയിക്കേണ്ട സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി നാഗമ്പടം മൈതാനത്ത് സംഘടിപ്പിച്ചിരിക്കുന്ന കുടുംബശ്രീ കഫേയിലെ പ്രധാന മലബാർ വിഭവമാണ് ‘നുറുക്ക് കോഴി’. മലബാറിന്റെ തനതായ വിഭവങ്ങളും കോട്ടയത്തെ പാരമ്പര്യ രുചി ഭേതങ്ങളും ഒരു കുടക്കീഴിൽ ഒരുക്കി അക്ഷര നഗരിയിൽ ശ്രദ്ധേയമാകുകയാണ് ജില്ലാ മിഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ഫുഡ് കോർട്ട് .പ്രാദേശിക രുചികളും മലബാർ രുചികളും കോട്ടയത്തിന് പരിചയപ്പെടുത്തുന്നത് കുടുംബശ്രീ അംഗങ്ങളായ പതിനൊന്ന്
വനിതാ രത്നങ്ങളുടെ നേതൃത്വത്തിലാണ്. ചിക്കൻ വിഭവങ്ങളായ ചിക്കൻ സ്റ്റഫ്ഡ് പുട്ട്, ചിക്കൻ നുറുക്കി വറുത്തത്, കടായി ചിക്കൻ, ചിക്കൻ വറുത്തരച്ചത്,കോട്ടയം സ്പെഷ്യൽ കപ്പയും മീൻ കറിയും, കപ്പബിരിയാണി ,ബീഫ് ഫ്രൈ ,ചപ്പാത്തി, പത്തിരി ,നാടൻ പലഹാരങ്ങളായ ഏത്തക്കാ അപ്പം, വട്ടയപ്പം, പരിപ്പുവട, തുടങ്ങിയ വിഭവങ്ങൾ സ്റ്റാളിൽ നിന്ന് ചൂടോടെ ലഭിക്കും.’
മലബാർ വിഭവങ്ങൾ കോംബോ ഓഫറിലും ലഭ്യമാണ്. ചപ്പാത്തിയും പത്തിരിയും ഉൾപ്പെടുന്ന കോംബോകൾ 180 രൂപ മുതൽ ആരംഭിക്കും. കൂടാതെ പായസവും,
മലബാർ സ്പെഷ്യൽ ലൈമും സ്റ്റാളിലുണ്ട്.
മലപ്പുറത്തെ കുടുംബശ്രീ കഫേ ആയ ന്യൂ സ്റ്റാറും, മേലുകാവിലെ എ-വൺ കഫേയുമാണ് അക്ഷര നഗരിയിൽ രുചി വൈവിധ്യമൊരുക്കുന്നതിന് പിന്നിൽ.
രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയാണ് ഫുഡ് കോർട്ടിന്റെ പ്രവർത്തന സമയം.
ഈ മാസം 27 വരെ കഫേ പ്രവർത്തിക്കും.