play-sharp-fill
മകന്റെ വിയോഗം അറിയാതെ പിതാവും യാത്രയായ് ; കഫേ കോഫി ഡേ സ്ഥാപകൻ സിദ്ധാർത്ഥയുടെ പിതാവ് അന്തരിച്ചു

മകന്റെ വിയോഗം അറിയാതെ പിതാവും യാത്രയായ് ; കഫേ കോഫി ഡേ സ്ഥാപകൻ സിദ്ധാർത്ഥയുടെ പിതാവ് അന്തരിച്ചു

സ്വന്തം ലേഖിക

മംഗളുരു: ജീവനൊടുക്കിയ കഫേ കോഫി ഡേ (സിസിഡി) സ്ഥാപകൻ വി.ജി. സിദ്ധാർത്ഥയുടെ പിതാവ് ഗംഗയ്യ ഹെഗ്‌ഡേ (96) നിര്യാതനായി. മൈസൂരുവിലെ ശാന്തവേരി ഗോപാലഗൗഡ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അബോധാവസ്ഥയിലായതിനാൽ മകൻറെ വിയോഗം ഗംഗയ്യ അറിഞ്ഞിരുന്നില്ല.


മരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് സിദ്ധാർത്ഥ ഗംഗയ്യയെ കാണാൻ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗംഗയ്യ മയക്കത്തിലേക്കു വഴുതിവീണത്. അതിനുശേഷം മകനു സംഭവിച്ചതൊന്നും അച്ഛൻ അറിഞ്ഞിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിക്കമഗളൂരുവിലെ കാപ്പി കർഷകരുടെ തലതൊട്ടപ്പനെന്നു വിശേഷിപ്പിക്കാവുന്നവിധം സമ്പത്തും സ്വാധീനശേഷിയുമുള്ള ഗംഗയ്യ ഹെഗ്‌ഡേക്കും ഭാര്യ വാസന്തിക്കും ഏറെക്കാലത്തെ പ്രാർഥനകൾക്കും വഴിപാടുകൾക്കുമൊടുവിൽ കിട്ടിയ ഏക മകനാണു സിദ്ധാർഥ. അച്ഛൻറെ സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം സങ്കല്പിക്കാവുന്നതിനേക്കാൾ ഉയരത്തിൽ സഫലമാക്കിയാണു മകൻ വളർന്നത്. ആഗോളതലത്തിൽ അറിയപ്പെടുന്ന ബിസിനസുകാരനായും സംസ്ഥാന മുഖ്യമന്ത്രിയുടെ മരുമകനായും മകൻ അറിയപ്പെടുമ്പോഴും സ്വന്തം ഗ്രാമത്തിലും എസ്റ്റേറ്റിലും ഒതുങ്ങി ജീവിക്കുകയായിരുന്നു ഈ വൃദ്ധദമ്പതികൾ.

മൈസൂരുവിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സ്വദേശമായ ചിക്കമംഗളൂരുവിലേക്ക് കൊണ്ടുപോകും. വി.ജെ. സിദ്ധാർഥയെ സംസ്‌കരിച്ച ചേതനഹള്ളി എസ്റ്റേറ്റിലായിരിക്കും ഗംഗയ്യ ഹെഗ്ഡെയ്ക്കും അന്ത്യവിശ്രമം ഒരുക്കുക. കഴിഞ്ഞ ജൂലായ് 29 നാണ് സിദ്ധാർത്ഥയെ നേത്രാവതി പുഴയിൽ കാണാതായത്. ജൂലായ് 31 നാണ് സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തിയതും.