യുവതിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവം: പോലീസിനോട് കേസെടുത്ത് അന്വേഷണം നടത്താൻ കോടതിയുടെ നിർദേശം
സ്വന്തം ലേഖകൻ
കണ്ണൂർ: യുവതിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവത്തിൽ പോലീസിനോട് കേസെടുത്ത് അന്വേഷണം നടത്താൻ കോടതിയുടെ നിർദേശം. ചോമ്പാല പോലീസ് സ്റ്റേഷൻ പരിധിയിലെ ഒഞ്ചിയം കണ്ണൂക്കരയിലെ നാരായണന്റെ മകൻ വിനീഷ് നൽകിയ പരാതിയിൽ തലശ്ശേരി ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. കെ പി പ്രീജക്കെതിരെയാണ് കേസ്.
വിനീഷിന്റെ ഭാര്യ നിധിനയെ പ്രസവത്തിനായി 2018 ജൂൺ 11-ന് തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡോ. പ്രീജയുടെ നിർദേശ പ്രകാരമാണ് പ്രസവത്തിനായി നിധിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. തുടർന്ന് പിറ്റേദിവസം നിധിനയുടെ ഗർഭസ്ഥ ശിശു മരണപ്പെടുകയായിരുന്നു. തുടർന്ന് അവശയായ നിധിനയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നിധിന 2018 ജൂൺ 15-ന് പുലർച്ചെ 5.30 മണിയോടെ മരണപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരണത്തിന് കാരണം തലശ്ശേരി ജനറൽ ആശുപത്രിയിൽ നിധിനയെ ചികിത്സിച്ച ഡോ. പ്രീജയുടെ അനാസ്ഥയാണെന്ന് ആരോപിച്ചാണ് നിധിനയുടെ ഭർത്താവ് വിനീഷ് കോടതിയെ സമീപിച്ചിരുന്നത്. തുടർന്നാണ് തലശ്ശേരി പോലീസിനോട് ഡോ. പ്രീജക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.