play-sharp-fill
കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ തുടങ്ങി

കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ തുടങ്ങി

സ്വന്തം ലേഖകൻ

കോട്ടയം: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ലാ കണ്‍വെന്‍ഷന് കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ തുടക്കമായി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ട്രായുടെ അമിതമായ നിയന്ത്രണങ്ങള്‍ കേബിള്‍ ടിവി മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

ടിവി ചാനലുകള്‍ക്ക് പുതിയ നിരക്ക് നിശ്ചയിച്ച ട്രായുടെ നടപടി കേബിള്‍ ടിവി മേഖലയ്ക്ക് ആകെ കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തിലാണ് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കണ്‍വെന്‍ഷനുകള്‍ പുരോഗമിക്കുന്നത്. കോട്ടയം ജില്ലാ കണ്‍വെന്‍ഷന്‍ കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ പ്രസിഡന്റ് അനീഷ് പി കെ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.

തുടര്‍ന്ന് നടന്ന യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ മേഖലകളിലും ചെറുകിടക്കാര്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധമുട്ടുന്ന കാലഘട്ടമാണിതെന്ന് പറഞ്ഞ തിരുവഞ്ചൂര്‍ ജനങ്ങളുടെ പിന്തുണയാണ് കേബിള്‍ ടിവി മേഖലയെ ഇന്നും ജനമധ്യത്തില്‍ പിടിച്ചു നിര്‍ത്തുന്നതെന്നും കൂട്ടിച്ചേര്‍ത്തു. വൈദ്യുതി പോസ്റ്റുകളിലൂടെ കേബിള്‍ ലൈനുകള്‍ വലിക്കുന്നതിന് അന്യായമായ വാടക ഓപ്പറേറ്റര്‍മാരില്‍ നിന്നും കെഎസ്ഇബി ഈടാക്കുന്നത് അംഗീകരിക്കാനാവില്ല. ഓപ്പറേറ്റര്‍മാരെ കൊള്ളയടിക്കുന്ന നടപടി കെഎസ്ഇബി അവസാനിപ്പിക്കണം. പോസ്റ്റുകളുടെ വാടക കാര്യത്തില്‍ ന്യായമായ പരിഹാരമുണ്ടാകണമെന്നും ഇക്കാര്യത്തില്‍ തന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും തിരുവഞ്ചൂര്‍ പറഞ്ഞു.

ട്രായുടെ അനിയന്ത്രിതമായ നിയന്ത്രണം കേബിള്‍ ടിവി മേഖലയ്ക്ക് ഗുണകരമാകില്ലെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി കെ അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗവും കെസിസിഡിഎല്‍ മാനേജിംഗ് ഡയറക്ടറുമായ ബി റെജി സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറി ബിനു വി കല്ലേപ്പള്ളി, സംസ്ഥാന എക്‌സ്‌ക്യൂട്ടീവ് കമ്മറ്റിയംഗവും കേരളാ വിഷന്‍ ചാനല്‍ ചെയര്‍മാനുമായ പ്രവീണ്‍ മോഹന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി എസ് സിബി, ജില്ലാ ട്രഷറര്‍ ജോബി ആപ്പാഞ്ചിറ, കറുകച്ചാല്‍ മേഖലാ സെക്രട്ടറി കെ ബി സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. കെഎസ്ഇബിയുടെ പോസ്റ്റു വാടക കുറയ്ക്കുന്നതിന് നടപടി ആവശ്യപ്പെട്ട് സിഒഎ ജില്ലാ കമ്മറ്റിയുടെ നിവേദനം ജില്ലാ കമ്മറ്റിയംഗം ഒ വി വര്‍ഗ്ഗീസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് കൈമാറി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം സിഒഎ സംസ്ഥാന ജന സെക്രട്ടറി കെ വി രാജന്‍ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളത്തില്‍ വിവിധ റിപ്പോര്‍ട്ടുകളുടെ അവതരണം, ചര്‍ച്ച എന്നിവയും നടന്നു.