സ്വന്തം അച്ഛനും അമ്മയും ആരെന്ന് അറിയാത്ത ബുദ്ധിജീവികളാണ് പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നത് : വിവാദ പരാമർശവുമായി വീണ്ടും ദിലീപ് ഘോഷ്
സ്വന്തം ലേഖകൻ
കൊൽക്കത്ത: സ്വന്തം അച്ഛനും അമ്മയും ആരെന്ന് അറിയാത്ത ബുദ്ധിജീവികളാണ് പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നത്. വിവാദ പരാമർശവുമായി ദിലീപ് ഘോഷ് വീണ്ടും രംഗത്ത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തിയവരെ പട്ടികളെ പോലെ വെടിവെച്ചു കൊന്നു എന്ന വിവാദ പരാമർശത്തിന്റെ അലയൊലികൾ ശമിക്കും മുൻപെയാണ് പശ്ചിമ ബംഗാൾ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് വീണ്ടും വിവാദ പരാമർശവുമായി എത്തിയിരിക്കുന്നത്. ഇത്തവണ പൗരത്വ നിയമ ഭേദഗതിക്കെതിരെ തെരുവിൽ സമരം ചെയ്യുന്ന ബുദ്ധിജീവികളെ കേന്ദ്രീകരിച്ചാണ് ദിലീപ് ഘോഷിന്റെ വിവാദ പരാമർശം. ഇവരെ പിശാചുക്കളോടും ഇത്തിക്കണ്ണികളോടും ഉപമിച്ചാണ് ദിലീപ് ഘോഷിന്റെ പ്രസ്താവന. കൊൽക്കത്തയിൽ തിയേറ്റർ കലാകാരന്മാർ നടത്തിയ പ്രതിഷേധത്തെ ചൂണ്ടിക്കാണിച്ചായിരുന്നു ദിലീപ് ഘോഷിന്റെ വിവാദ പരാമർശം.
‘ബുദ്ധിജീവികൾ എന്ന് പറഞ്ഞ് നടക്കുന്ന ചില ജീവികൾ കൊൽക്കത്ത തെരുവുകളിൽ ഇറങ്ങിയിരിക്കുകയാണ്. മറ്റുളളവരുടെ പോക്കറ്റിലെ പൈസ കൊണ്ട് സുഖമായി ജീവിക്കുന്നവരാണ് ബുദ്ധിജീവികൾ എന്ന് അറിയപ്പെടുന്ന ഈ ഇത്തിക്കണ്ണികൾ. ബംഗ്ലാദേശിൽ ഞങ്ങളുടെ മുൻഗാമികൾ ആക്രമണത്തിന് വിധേയരായപ്പോൾ ഇവർ എവിടെ ആയിരുന്നു’ എന്നിങ്ങനെയാണ് ദിലീപ് ഘോഷിന്റെ വിവാദ പ്രസ്താവന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘നമ്മുടെ ഭക്ഷണം കഴിച്ചിട്ട്, ഈ പിശാചുക്കൾ നമ്മളെ തന്നെ എതിർക്കുന്നു. സ്വന്തം അച്ഛൻ ആര് അമ്മ ആര് എന്ന് അറിയാത്തവരാണ് പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നത്. അതുകൊണ്ടാണ് മാതാപിതാക്കളുടെ ജനനസർട്ടിഫിക്കറ്റ് കാണിക്കാൻ സാധിക്കില്ലെന്ന് അവർ പറയുന്നത്.’ദിലീപ് ഘോഷ് പറയുന്നു.
ദിവസങ്ങൾക്ക്് മുൻപ് പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തുന്ന സമരങ്ങളെ വിമർശിച്ച് കൊണ്ടുളള ദിലീപ് ഘോഷിന്റെ വാക്കുകൾ വിവാദമായിരുന്നു. പ്രക്ഷോഭകരെ പട്ടികളെ പോലെ വെടിവെച്ചു കൊന്നു എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. എന്നാൽ തന്റെ നിലപാടിൽ ഉറച്ചുനിൽക്കും എന്നാണ് ഈ പ്രതിഷേധങ്ങളോട് ദിലീപ് ഘോഷ് പ്രതികരിച്ചത്