
തലശേരിയില്‍ സി.ഒ.ടി നസീറിന് നേരെ വീണ്ടും അക്രമം; ചികിത്‌സയില്‍ കഴിയുന്ന രോഗിയെ കാണാൻ എത്തിയപ്പോഴായിരുന്നു സംഭവം; പ്രതികളെ പൊലീസ് വെറുതെ വിട്ടെന്ന് പരാതി
സ്വന്തം ലേഖിക
കണ്ണൂർ: തലശേരി നഗരത്തിലെ ആശുപത്രിയില്‍ നിന്നും സി.പി.എം വിമത നേതാവും മുന്‍നഗരസഭാ കൗണ്‍സിലറുമായ സി.ഒ.ടി നസീറിനെ വീണ്ടും അക്രമിച്ചു പരുക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ തലശേരി ടൗണ്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച രാത്രി ഏഴേമുക്കാലിന് തലശേരി മിഷ്യന്‍ ഹോസ്പിറ്റല്‍ പരിസരത്തുവെച്ചാണ് അക്രമിച്ചതെന്ന് നസീര്‍ തലശ്ശേരി ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 2019ല്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്‌സരിച്ചിരുന്ന സി.ഒ.ടി നസീറിനെ തലശേരി കായ്യത്ത് റോഡില്‍നിന്നും വളഞ്ഞിട്ടു വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ ഒന്നും രണ്ടും പ്രതികളായ ഷിജിന്‍, റോഷന്‍ ബാബു തുടങ്ങിയ അഞ്ച് സി. പി എം പ്രവര്‍ത്തകരാണ് തന്നെ അക്രമിച്ചതെന്നാണ് നസീറിന്റെ പരാതിയില്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലശേരി ഗുഡ് ഷെഡ് റോഡിലെ മിഷ്യന്‍ ആശുപത്രിയില്‍ ചികിത്‌സയില്‍ കഴിയുന്ന രോഗിയെ കാണുന്നതിനാണ് നസീര്‍ ആശുപത്രിയില്‍ എത്തിയത്. ഈ സമയത്താണ് മദ്യപിച്ച് ബഹളം വച്ച സംഘം തന്നെ അക്രമിച്ചതെന്ന് നസീര്‍ പറഞ്ഞു. തന്നെ മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും ബഹളം കേട്ട് ഓടിക്കൂടിയവരാണ് തന്നെ രക്ഷപെടുത്തിയതെന്നും നസീര്‍ പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രണ്ടു പേരെ പിടികൂടിയെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നുവെന്നും നസീര്‍ പ്രതികരിച്ചു.