
സൂറത്ത്: 23 വയസ്സില്‍ താഴെയുള്ളവർക്കായുള്ള സി കെ നായിഡു ട്രോഫിയില്‍ കേരളവും ഗുജറാത്തും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു.
അഞ്ച് വിക്കറ്റിന് 287 റണ്‍സെന്ന നിലയില്‍ കേരളം രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് രണ്ട് വിക്കറ്റിന് 94 റണ്‍സെടുത്ത് നില്ക്കെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്. ആദ്യ ഇന്നിങ്സില്‍ കേരളം 270ഉം ഗുജറാത്ത് 286ഉം റണ്‍സായിരുന്നു നേടിയത്.
മൂന്ന് വിക്കറ്റിന് 64 റണ്‍സെന്ന നിലയിലാണ് കേരളം അവസാന ദിവസം ബാറ്റിങ് തുടങ്ങിയത്. 25 റണ്‍സോടെ എ കെ ആകർഷും മൂന്ന് റണ്‍സോടെ കാമില്‍ അബൂബക്കറുമായിരുന്നു ക്രീസില്‍. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തെ തുടക്കത്തിലെ തകർച്ചയില്‍ നിന്ന് കരകയറ്റിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
129 റണ്‍സാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. കാമില്‍ 49 റണ്‍സെടുത്ത് പുറത്തായി. ഇതിനിടയില്‍ എ കെ ആകർഷ് സെഞ്ച്വറി പൂർത്തിയാക്കി. ഡിക്ലറേഷൻ മുന്നില്‍ക്കണ്ട് ഇന്നിങ്സ് വേഗത്തിലാക്കിയ കേരളത്തിനായി പവൻ ശ്രീധർ 40 പന്തുകളില്‍ നിന്ന് 45 റണ്‍സ് നേടി.
ക്യാപ്റ്റൻ അഭിജിത് പ്രവീണ്‍ ഒൻപത് പന്തുകളില്‍ നിന്ന് 24 റണ്‍സും എ കെ ആകർഷ് 116 റണ്‍സും നേടി പുറത്താകാതെ നിന്നു. ഗുജറാത്തിന് വേണ്ടി കുശൻ ശ്യാം പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.