സെന്‍ട്രല്‍ ജയിലില്‍ കിടക്കുന്ന എത്രപേര്‍ ഇനി രക്തസാക്ഷികളാകുമെന്നറിയില്ല, അതുകൊണ്ട് രക്തസാക്ഷികളെന്നത് ഇന്നൊരു അപമാനമാണ് ; ബോംബ് നിര്‍മ്മിക്കുന്നതിനിടെ കൊല്ലപ്പെട്ടവരെ സിപിഎം രക്തസാക്ഷികളാക്കിയതിനെ പരിഹസിച്ച്‌ സി.ദിവാകരന്‍

Spread the love

തിരുവനന്തപുരം : ബോംബ് നിര്‍മ്മിക്കുന്നതിനിടെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരെ സിപിഎം രക്തസാക്ഷികളാക്കിയതിനെ പരിഹസിച്ച്‌ മുതിര്‍ന്ന സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സി.ദിവാകരന്‍.

ഇന്ന് രക്തസാക്ഷികള്‍ ആരെന്നതില്‍ തര്‍ക്കം നടക്കുകയാണ്. സെന്‍ട്രല്‍ ജയില്‍ കിടക്കുന്ന എത്രപേര്‍ ഇനി രക്തസാക്ഷികളാകുമെന്നറിയില്ല. അതുകൊണ്ട് രക്തസാക്ഷികളെന്നത് ഇന്നൊരു അപമാനമാണ്. സ്വാതന്ത്ര്യത്തിനു വേണ്ടിയോ ജനകീയ സമരങ്ങളില്‍ പങ്കെടുത്ത് വെടിയേറ്റ് മരിച്ചവരോ അല്ല ഇന്ന് രക്ത സാക്ഷികള്‍. പുതിയൊരു വിഭാഗമാണ് ഇന്ന് രക്തസാക്ഷികളാകുന്നത്. ഞങ്ങളാരെങ്കിലും വെടിയേറ്റ് മരിച്ചാല്‍ രക്തസാക്ഷികളാകും. അല്ലേല്‍ പുതിയ വിഭാഗം രക്തസാക്ഷി പട്ടികയില്‍പ്പെടും. രാജീവ് ഗാന്ധി പഠന കേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിച്ച രാജീവ് ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണത്തില്‍ സംസാരിക്കുമ്ബോഴായിരുന്നു സി. ദിവാകരന്‍റെ പരാമര്‍ശം.

പാനൂരില്‍ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സിപിഎം സ്മാരകം ഒരുക്കിയത് വലിയ രാഷ്ട്രീയ ചർച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുന്നതിനിടെയാണ് മുന്നണിയിലെ തന്നെ പാർട്ടിയുടെ നേതാവ് ഇത്തരമൊരു പ്രതികരണം നടത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2015-ല്‍ പാനൂർ ചെറ്റക്കണ്ടിയില്‍ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവർക്കാണ് സിപിഎം രക്തസാക്ഷി സ്മാരകം ഒരുക്കുന്നത്. സ്ഫോടനം നടന്നതിന് പിന്നാലെ ഇവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്നായിരുന്നു സിപിഎം പറഞ്ഞിരുന്നത്. ഇപ്പോള്‍ ഇവർക്ക് സ്മാരകം പണിയുന്നതിലൂടെ എന്തു സന്ദേശമാണ് സിപിഎം സമൂഹത്തിന് നല്‍കുന്നതെന്നാണ് ഉയരുന്ന ചോദ്യം.