
മുംബൈ: അമേരിക്കയിൽ ഗ്ലാസ് ട്രസ്റ്റ് കമ്പനിയും ബൈജൂസിന്റെ സാമ്പത്തികവിഭാഗമായ ആൽഫയും തമ്മിലുള്ള കേസിൽ ബൈജു രവീന്ദ്രൻ 107 കോടി ഡോളർ ഗ്ലാസ് ട്രസ്റ്റിനുനൽകാൻ ബാധ്യസ്ഥമാണെന്ന് കോടതി.
ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന് യുഎസ് ആസ്ഥാനമായുള്ള വായ്പാസ്ഥാപനങ്ങൾ 100 കോടി ഡോളർ വായ്പനൽകിയിരുന്നു. ബൈജൂസ് വായ്പയുടെ നിബന്ധനകൾ ലംഘിച്ചെന്നും 53.3 കോടി ഡോളറിന്റെ വായ്പത്തുക അനധികൃതമായി അമേരിക്കയ്ക്കുപുറത്തേക്ക് കടത്തിയെന്നുമാണ് ഗ്ലാസ് ട്രസ്റ്റ് ആരോപിച്ചിട്ടുള്ളത്.
തുടർന്ന് ഗ്ലാസ് ട്രസ്റ്റ് ഡെലാവേർ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. ഈ ഉത്തരവിനെക്കുറിച്ച് അറിഞ്ഞിട്ടും ബൈജു രവീന്ദ്രൻ അവഗണിച്ചെന്നും ഈ സാഹചര്യത്തിൽ ബൈജു രവീന്ദ്രൻ വ്യക്തിപരമായി 107 കോടി ഡോളർ നൽകാൻ ബാധ്യസ്ഥമാണെന്നുമാണ് വ്യാഴാഴ്ചത്തെ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് ബൈജു രവീന്ദ്രനെതിരേ കോടതിയലക്ഷ്യ നടപടിയും സ്വീകരിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതിയിൽ ഹാജരാകാനും രേഖകൾ സമർപ്പിക്കാനും ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അംഗീകരിക്കാതിരുന്ന സാഹചര്യത്തിലാണ് ഡെലാവേർ ബാങ്ക്റപ്റ്റ്സി കോടതി സ്വമേധയാ ഉത്തരവിറക്കിയിരിക്കുന്നത്. കോടതിനിർദേശങ്ങൾ തിരസ്കരിക്കുകയോ വിചാരണനടപടികളിൽ പങ്കെടുക്കാതിരിക്കുകയോ ചെയ്താൽ കോടതിക്ക് വിചാരണ കൂടാതെ തീരുമാനമെടുക്കാമെന്നാണ് നിയമം. ഇതനുസരിച്ചാണ് കോടതി ഉത്തരവിറക്കിയിരിക്കുന്നത്.
അതേസമയം, ഉത്തരവിനെതിരേ അപ്പീൽ നൽകുമെന്ന് ബൈജു രവീന്ദ്രൻ പ്രതികരിച്ചു. കേസിൽ രേഖകൾ സമർപ്പിക്കാനും തന്റെ വാദം രേഖപ്പെടുത്താനും ആവശ്യത്തിന് സമയം ലഭിച്ചില്ലെന്ന് പാരീസിൽനിന്നുള്ള പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി. കേസിൽ ഗ്ലാസ് ട്രസ്റ്റ് ഡെലാവേർ കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കയാണെന്നും ബൈജു രവീന്ദ്രൻ കുറ്റപ്പെടുത്തി.




