പൂതന പരാമർശം കൊണ്ട് ഇടതുമുന്നണിയ്ക്ക് അരൂരിൽ ഒരു വോട്ട് പോലും നഷ്ടമായിട്ടില്ല , തോൽവിയുടെ ഉത്തരവാദിത്വം ചിലർ എന്റെ മേൽകെട്ടി വയ്ക്കാൻ ശ്രമിക്കുകയാണ് ; ജി.സുധാകരൻ
സ്വന്തം ലേഖിക
ആലപ്പുഴ: ഷാനിമോൾ ഉസ്മാന് എതിരെയുള്ള തന്റെ പൂതന പരാമർശം കൊണ്ട് അരൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥി മനുവിന് ഒരു വോട്ടും നഷ്ടമായിട്ടില്ലെന്ന് മന്ത്രി ജി സുധാകരൻ. ഈ പ്രചാരണം കൊണ്ട് ഷാനിമോൾ ഉസ്മാന് നാലുവോട്ടുകൾ നഷ്ടമായിട്ടുണ്ടാവാമെന്നും, എന്നാൽ അരൂരിലെ തോൽവിയുടെ ഉത്തരവാദിത്തം തന്റെ മേൽകെട്ടിവെക്കാൻ ചിലർ ശ്രമിക്കുകയാണെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.
സഹതാപം കൊണ്ടാണ് അരൂരിൽ ജയിച്ചതെങ്കിൽ ഷാനിമോളുടെ ഭൂരിപക്ഷം ഇതുപോരായിരുന്നു. എന്നാൽ നിരങ്ങിയാണ് ഷാനിമോൾ അരൂരിൽ ജയിച്ചതെന്നും സുധാകരൻ പറഞ്ഞു. ബിജെപി വോട്ടുകളും ഷാനിമോൾ ഉസ്മാന് ലഭിച്ചു. പതിനായിരത്തലധികം വോട്ടുകളാണ് ബിജെപിക്കാർ യുഡിഎഫിന് മറിച്ചതെന്നും ജി. സുധാകരൻ പറഞ്ഞു. കടപ്പുറത്തെയും കായലോരത്തെയും വോട്ട് ഇടതുമുന്നണിക്ക് നഷ്ടപ്പെട്ടു. ഇത് പാർട്ടി സൂക്ഷ്മമായി പരിശോധിക്കണം. അവിടങ്ങളിൽ ന്യൂനപക്ഷങ്ങളുടെ വോട്ടുകളാണ് നഷ്ടമായത്. സീറ്റ് നഷ്ടപ്പെട്ടതിൽ സങ്കടമുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമുദായസംഘടനകൾക്ക് അവരവരുടെ നിലപാടുകൾ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ അതിരുവിട്ട നിലപാട് സ്വീകരിച്ചാൽ മറ്റുസമുദായങ്ങൾക്ക് അത് ഇഷ്ടപ്പെടില്ല. അതാണ് കേരളത്തിന്റെ മനസ്സ്. അത് ഈ ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിച്ചതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.