video
play-sharp-fill

ബ്യൂട്ടി പാർലറിൽ വെടിവയ്ക്കാൻ ക്വട്ടേഷൻ 30000 രൂപ: രവി പൂജാരയുടെ ക്വട്ടേഷൻ ലഭിച്ചത് മംഗലാപുരം സംഘത്തിന്; പിന്നിൽ കൊല്ലം സ്വദേശിയായ ഡോക്ടർക്കും പങ്ക്

ബ്യൂട്ടി പാർലറിൽ വെടിവയ്ക്കാൻ ക്വട്ടേഷൻ 30000 രൂപ: രവി പൂജാരയുടെ ക്വട്ടേഷൻ ലഭിച്ചത് മംഗലാപുരം സംഘത്തിന്; പിന്നിൽ കൊല്ലം സ്വദേശിയായ ഡോക്ടർക്കും പങ്ക്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: അധോലോക ഭീകരൻ രവി പൂജാരയുടെ ക്വട്ടേഷൻ ഏറ്റെടുത്ത് കൊച്ചിയിൽ ബ്യൂട്ടി പാർലറിലേയ്ക്ക് വെടിയുതിർത്ത സംഭവത്തിൽ രണ്ടംഗ സംഘം അറസ്റ്റിലായതോടെ സംഭവത്തിനു പിന്നിലെ കൂടുതൽ ഭീകര ബന്ധം പുറത്താകുന്നു. ബ്യൂട്ടി പാർലറിലേയ്ക്ക് വെടിവച്ച കാസർകോട് സ്വദേശികളായ ബിലാലിനെയും, വിപിനെയുമാണ് കഴിഞ്ഞ ദിവസം കേസ് അന്വേഷിക്കുന്ന കൊച്ചി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. 30,000 രൂപയായിരുന്നു പ്രതികൾക്ക് ക്വട്ടേഷനായി രവിപൂജാരയുടെ സംഘം നൽകിയിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കേസിൽ കേരളത്തിൽ കൂടുതൽ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പൊലീസ് ഈ ഗൂഡാലോചന സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രവിപൂജാരയിൽ നിന്നും ബിലാലിനും, വിപിനും ക്വട്ടേഷൻ നൽകിയതിനു പിന്നിൽ കൊല്ലം സ്വദേശിയായ ഒരു ഡോക്ടറാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രവി പൂജാരയെയും ക്വട്ടേഷൻ സംഘത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനു ഇടനില നിന്നത് ഈ ഡോക്ടറാണെന്നാണ് കണ്ടെത്തൽ. കൊല്ലം അഞ്ചൽ സ്വദേശിയായ ഡോക്ടർക്ക് ഈ മാഫിയ സംഘവുമായി എങ്ങിനെ ബന്ധമുണ്ടായി എന്നതാണ് പൊലീസിന്റെ അന്വേഷണ പരിധിയിൽ വരുന്ന മറ്റൊരു കാര്യം. നിലവിൽ വെടിവയ്പ്പ് കേസുമായി ബന്ധപ്പെട്ട് പിടിയിലായ രണ്ടു പേർക്കും നേരത്തെ തന്നെ കൊച്ചിയിലെ ക്വട്ടേഷൻ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ട്. ഇരുവരും നേരത്തെ മുതൽ തന്നെ നിരവധി കേസുകളിൽ പ്രതിയുമാണ്. ഈ സാഹചര്യത്തിലാണ് പ്രതികളുടെ മുൻ കാല ബന്ധം അടക്കം ചികഞ്ഞ് കേസ് മുറുക്കാൻ പൊലീസ് ഒരുങ്ങുന്നത്.