ബസുകളിൽ പാട്ടും മേളവും വേണ്ട: ഓഡിയോ, വീഡിയോ സംവിധാനങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ണമായി അഴിച്ചുമാറ്റണമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ.

Spread the love

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലോടുന്ന റൂട്ട് ബസുകളില്‍ നിന്ന് ഓഡിയോ, വീഡിയോ സംവിധാനങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ണമായി അഴിച്ചുമാറ്റണമെന്ന് കണ്ണൂര്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ.
ഇനി മുതല്‍ അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകളും ഒഴിവാക്കണം. റൂട്ട് ബസുകളില്‍ ഓഡിയോ, വീഡിയോ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ ജില്ലയില്‍ ഇത് തുടരുന്നതായി പരാതിയുണ്ടെന്ന് ആര്‍ടിഒ അറിയിച്ചു.

പല ബസുകളിലും ഓഡിയോ, വീഡിയോ സംവിധാനങ്ങള്‍ വെച്ചുപിടിപ്പിച്ച്‌ അതീവ ഉച്ചത്തില്‍ പാട്ടുവെക്കുന്നതായും അതിന്റെ ശബ്ദം കുറക്കാന്‍ പറഞ്ഞാല്‍ പോലും കുറക്കുന്നില്ലെന്നും പരാതിയുണ്ട്. ഇത് വഴക്കിലേക്ക് നയിക്കുന്നതായും ഇതിന്റെ പേരില്‍ യാത്രക്കാരനെ ബസില്‍നിന്ന് ഇറക്കി വിട്ടതായും പരാതിയിലുണ്ട്.

സീറ്റിന്റെ അടിയില്‍ സ്പീക്കര്‍ ബോക്സ് വെച്ചിരിക്കുന്നതിനാല്‍ കാല്‍ നീട്ടിവെച്ചു ഇരിക്കാന്‍ പറ്റുന്നില്ലെന്നും പരാതിയുണ്ട്. പരിശോധനകളിലോ പരാതിയിലോ ഇത്തരത്തില്‍ നിയമലംഘനം കണ്ടെത്തിയാല്‍ 10,000 രൂപ വരെയുള്ള ഉയര്‍ന്ന പിഴയും വാഹനത്തിന്റെ പെര്‍മിറ്റ്, ഫിറ്റ്നസ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളും കൈക്കൊള്ളുമെന്നും ആര്‍ടിഒ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂര്‍ ജില്ലയിലെ ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഫിറ്റ് ചെയ്ത് പ്രവര്‍ത്തിപ്പിക്കുന്നില്ലെന്നും പെര്‍മിറ്റിന് അനുസൃതമായല്ല ഓടുന്നതെന്നും പരാതി ലഭ്യമായിട്ടുണ്ട്. ഈ പരാതിയുടെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ കര്‍ശന പരിശോധന ഉണ്ടാകുമെന്നും എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു.

മുമ്പ് ടൗണ്‍ പെര്‍മിറ്റില്ലാത്ത അനധികൃത ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കണ്ണൂരില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ട്രേഡ് യൂണിയന്‍ സമിതിയുമായി ഉത്തര മേഖലാ ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന്, പെര്‍മിറ്റില്ലാതെ കണ്ണൂര്‍ ടൗണില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉത്തര മേഖലാ ഡപ്യൂട്ടി ട്രാന്‍ സ്പോര്‍ട്ട് കമ്മിഷണര്‍ കണ്ണൂര്‍ ആര്‍ടിഒയെയും കണ്ണൂര്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ യെയും ചുമതലപ്പെടുത്തിയിരുന്നു