വ്യവസായി സി ജെ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി; റോയ്ക്ക് കടമോ ബാധ്യതയോ ഭീഷണിയോ ഒന്നുമില്ലെന്ന് സഹോദരൻ, മരണത്തിൽ സമഗ്രമായ അന്വേഷണം അനിവാര്യമെന്ന് മന്ത്രി വി ശിവൻകുട്ടി

Spread the love

ബെംഗളൂർ: ബെംഗളൂരുവില്‍ ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി.  ബന്ധുക്കള്‍ വിദേശത്ത് നിന്ന് എത്താന്‍ വൈകുന്നതിനാലാണ് സംസ്‌കാരം മാറ്റിയത്.

video
play-sharp-fill

റോയിയുടെ മരണത്തില്‍ ആദായനികുതി വകുപ്പിനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. അന്വേഷണ ഏജന്‍സിയില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് ഇന്ന് സി ജെ ബാബു ആരോപിച്ചു.

 

‘റോയ്ക്ക് കടമോ ബാധ്യതയോ ഭീഷണിയോ ഒന്നുമില്ല. ആദായനികുതി ഉദ്യോഗസ്ഥരുടെ സമ്മര്‍ദം കുടുംബത്തിന് അറിയാമായിരുന്നു. മറ്റെവിടെ നിന്നും റോയ്ക്ക് ഭീഷണിയുണ്ടായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇന്ന് രാവിലെ കാണണമെന്ന് എന്നോട് റോയ് പറഞ്ഞിരുന്നു. മൂന്നുദിവസമായി ആദായനികുതി ഉദ്യോഗസ്ഥര്‍ ഓഫീസിലുണ്ടായിരുന്നു’ എന്നാണ് സി ജെ ബാബു ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്.

 

ഐടി ഉദ്യോഗസ്ഥർക്ക് മുന്നില്‍ നിന്ന് അമ്മയെ ഫോണ്‍ ചെയ്യാൻ എന്ന് പറഞ്ഞാണ് സി ജെ റോയ് മടങ്ങിയതെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. അതുകൊണ്ടുതന്നെ മരണത്തിനു മുമ്ബ് അമ്മയുമായി സംസാരിച്ചിരുന്നോ എന്നും പൊലീസ് പരിശോധിക്കുകയാണ്. സ്വയം വെടിയുതിർത്തത് സൈലൻസർ പിടിപ്പിച്ച തോക്കില്‍ നിന്നുമാണ്. വെടിയൊച്ച പുറത്ത് കേട്ടില്ലെന്നാണ് ജീവനക്കാരുടെ മൊഴി.

അതേസമയം റോയിയുടെ വിയോഗത്തില്‍ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ആവശ്യപ്പെട്ടത്.

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ അപ്രതീക്ഷിത വിയോഗം അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്. സംരംഭക രംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ച ഒരു വ്യക്തിത്വത്തെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

ബെംഗളൂരുവിലെ കോർപറേറ്റ് ഓഫീസില്‍ വെച്ച്‌ അദ്ദേഹം സ്വയം വെടിയുതിർത്ത് ജീവനൊടുക്കി എന്ന വാർത്ത അതീവ ഗൗരവകരമാണ്. കേന്ദ്ര ഏജൻസികളുടെ റെയ്ഡ് നടക്കുന്നതിനിടെയാണ് ഇത്തരമൊരു ദൗർഭാഗ്യകരമായ സംഭവം ഉണ്ടായതെന്നാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ അതില്‍ ഇടപെടാനും അന്വേഷണം നടത്താനും കേന്ദ്ര ഏജൻസികള്‍ക്ക് പൂർണ്ണമായ അധികാരമുണ്ട്. അതിനെ ആരും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍, സി.ജെ. റോയിയെപ്പോലെ ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള, വലിയൊരു പ്രസ്ഥാനത്തെ നയിക്കുന്ന ഒരു വ്യവസായിക്ക് ഇത്തരമൊരു കടുംകൈ ചെയ്യേണ്ടി വന്ന സാഹചര്യം എന്താണെന്ന് ഗൗരവമായി അന്വേഷിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

അന്വേഷണങ്ങളുടെ പേരില്‍ അനാവശ്യമായ മാനസിക സമ്മർദ്ദങ്ങളോ മറ്റ് അസ്വാഭാവികമായ നടപടികളോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടണം. ജൂഡീഷ്യറി മേല്‍നോട്ടം വഹിക്കുന്ന അന്വേഷണം ആണ് അഭികാമ്യം. സി.ജെ. റോയിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം വേണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.