play-sharp-fill
മോഹൻലാലിന്റെ കറിപ്പൊടിയും ദിലിപിന്റെ ദേ പുട്ടും വമ്പൻ ഹിറ്റ്; ഫുട്ബോൾ ബിസിനസുമായി പൃഥ്വി, റിയല്‍ എസ്റ്റേറ്റുമായി മമ്മൂട്ടി, കാവ്യാമാധവന്റെ ലക്ഷ്യയും റിമ കല്ലിങ്കലിന്റെ മാമാങ്കവും സൂപ്പർ; സിനിമയിൽ മാത്രമല്ല ബിസിനസിലും ഇവർ ഹീറോസ്

മോഹൻലാലിന്റെ കറിപ്പൊടിയും ദിലിപിന്റെ ദേ പുട്ടും വമ്പൻ ഹിറ്റ്; ഫുട്ബോൾ ബിസിനസുമായി പൃഥ്വി, റിയല്‍ എസ്റ്റേറ്റുമായി മമ്മൂട്ടി, കാവ്യാമാധവന്റെ ലക്ഷ്യയും റിമ കല്ലിങ്കലിന്റെ മാമാങ്കവും സൂപ്പർ; സിനിമയിൽ മാത്രമല്ല ബിസിനസിലും ഇവർ ഹീറോസ്

ലയാള സിനിമയിലെ മിന്നും താരങ്ങള്‍ ബിഗ് സ്‌ക്രീനില്‍ മാത്രമല്ല ബിസിനസ് രംഗത്തും സജീവ സാന്നിധ്യമാണ്. ജയസൂര്യ മുതല്‍ സിദ്ദീഖ് വരെയും ദിലീപ് മുതല്‍ ആനി വരെയുമുള്ളവര്‍ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തി നേട്ടം കൊയ്യുന്നവരാണ്. മോഹന്‍ലാലും മമ്മൂട്ടിയും കൂടുതലായി പണംമുടക്കിയിരിക്കുന്നത് സിനിമയുമായി ബന്ധപ്പെട്ട മേഖലയിലാണ്.

പുതുതായി സിനിമയിലേക്ക് എത്തുന്നവരിലേറെയും കുറച്ചു സിനിമകള്‍ക്കു ശേഷം ബിസിനസില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. സിനിമയെ ഒരു കരിയറായി കൊണ്ടുനടക്കുന്നതിലെ അപകട സാധ്യത തന്നെയാണ് പലരെയും ബിസിനസിലേക്ക് ആകര്‍ഷിക്കുന്നത്. തിളങ്ങി നില്‍ക്കുന്ന യുവതാരങ്ങളില്‍ പലര്‍ക്കും ഒന്നിലേറെ ബിസിനസ് സംരംഭങ്ങളുണ്ട്.


സിനിമതാരങ്ങള്‍ റിയല്‍ എസ്‌റ്റേറ്റില്‍ മാത്രം നിക്ഷേപം നടത്തിയിരുന്ന കാലത്തായിരുന്നു പുതുപരീക്ഷണവുമായി മോഹന്‍ലാലിന്റെ വരവ്. ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നിക്ഷേപങ്ങളിലൊന്ന്. 2004ല്‍ മോഹന്‍ലാല്‍ ടേസ്റ്റ് ബഡ്‌സ് എന്ന ബ്രാന്‍ഡില്‍ കറിമസാല, സുഗന്ധ വ്യഞ്ജനങ്ങള്‍, അച്ചാര്‍ എന്നിവയായിരുന്നു പുറത്തിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശത്തേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്ത് നേട്ടം കൊയ്യാനും ലാലിനായി. 2007ല്‍ ഈ ബ്രാന്‍ഡിനെ ഈസ്റ്റേണ്‍ ഗ്രൂപ്പ് ഏറ്റെടുത്തു. കറിപ്പൊടി ബിസിനസില്‍ നിന്ന് നേരെ ഹോട്ടല്‍ വ്യവസായത്തില്‍ മുതല്‍മുടക്കിയ ലാല്‍ ഇതിനുശേഷമാണ് ആശീര്‍വാദ് സിനിമപ്ലക്‌സ് എന്ന പേരില്‍ മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ ശൃംഖല ആരംഭിക്കുന്നത്. ഇടയ്ക്ക് തുടങ്ങിയ വിസ്മയ മാക്‌സ് എന്ന സ്റ്റുഡിയോ പിന്നീട് ഏരീസ് ഗ്രൂപ്പിന് വിറ്റിരുന്നു.

ദിലീപും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും ചേര്‍ന്നാണ് ‘ദേ പുട്ട്’ എന്ന പേരില്‍ കൊച്ചി ഇടപ്പള്ളിയില്‍ റെസ്റ്റോറന്റ് ആരംഭിക്കുന്നത്. തുടക്കം മുതല്‍ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ ഈ സ്ഥാപനത്തിന് സാധിച്ചിരുന്നു.

പിന്നീട് കോഴിക്കോട്, ദുബൈ എന്നിവിടങ്ങളിലും ശാഖകള്‍ തുറന്നിരുന്നു. സിനിമ നിര്‍മാണ കമ്പനിക്കൊപ്പം ദിലീപിന് ചാലക്കുടിയില്‍ സ്വന്തമായി തീയേറ്ററുമുണ്ട്. ‘ഡി സിനിമാസ്’ എന്ന പേരിലാണ് ഈ തീയറ്റര്‍ പ്രവര്‍ത്തിക്കുന്നത്.

‘ഫേസ്ബുക്ക്’ എന്ന പേരില്‍ സെലിബ്രിറ്റി മാഗസിന്‍ ആരംഭിച്ചു കൊണ്ടാണ് സിദ്ദീഖ് ബിസിനസ് ലോകത്തേക്ക് എത്തുന്നത്. തുടക്കത്തില്‍ നല്ലരീതിയില്‍ മുന്നോട്ടു പോയെങ്കിലും പിന്നീട് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഈ സംരംഭം അടച്ചുപൂട്ടി. കൊച്ചി സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലും സിദ്ദീഖ് തുടങ്ങിയിരുന്നു.

നടന്‍ പൃഥ്വിരാജിന് സിനിമ പ്രൊഡക്ഷന്‍ ഹൗസിനൊപ്പം ഫുട്‌ബോള്‍ ബിസിനസിലും നിക്ഷേപമുണ്ട്. ഫോഴ്‌സ കൊച്ചി എന്ന സൂപ്പര്‍ ലീഗ് കേരള ക്ലബിന്റെ ഉടമ കൂടിയാണ് പൃഥ്വി. അമ്മ മല്ലിക സുകുമാരന്‍ സഹോദരന്‍ ഇന്ദ്രജിത്ത് എന്നിവര്‍ ചേര്‍ന്ന് ദോഹയില്‍ സ്‌പൈസ് ബോട്ട് എന്ന പേരില്‍ റെസ്റ്റോറന്റും ആരംഭിച്ചിരുന്നു.

മമ്മൂട്ടിയുടെ നിക്ഷേപം കൂടുതല്‍ റിയല്‍ എസ്റ്റേറ്റിലും സിനിമ പ്രൊഡക്ഷനിലുമാണ്. നടന്‍ ജയസൂര്യയ്ക്കും ഭാര്യയ്ക്കും കൊച്ചിയില്‍ ബ്യൂട്ടിക് ഷോപ്പുണ്ട്. റിമ കല്ലിങ്കലും സുഹൃത്തുക്കളും ചേര്‍ന്ന് കൊച്ചിയില്‍ മാമാങ്കം എന്ന പേരില്‍ പ്രൊഫഷണല്‍ ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട്.

നടി ലെനയ്ക്ക് കോഴിക്കോട് ആകൃതി എന്ന പേരില്‍ സംരംഭമുണ്ട്. കാവ്യ മാധവന്റെ പ്രധാന നിക്ഷേപം ലക്ഷ്യ എന്ന പേരിലുള്ള ബ്യൂട്ടിക് ആണ്. 2015ലാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. ആസിഫ് അലിക്ക് കണ്ണൂര്‍ വാരിയേഴ്‌സ് എന്ന ഫുട്‌ബോള്‍ ക്ലബില്‍ ഓഹരി പങ്കാളിത്തവും ഉണ്ട്.