
ബസിൽ കുഴഞ്ഞു വീണിട്ടും ആശുപത്രിയിലെത്തിക്കാതെ ബസ് ജീവനക്കാർ, വഴിയിൽ ഇറക്കി വിട്ട യാത്രക്കാരൻ മരിച്ചു
കൊച്ചി: കുഴഞ്ഞു വീണിട്ടും ഗൗനിക്കാതെ ബസ് ജീവനക്കാർ ഇറക്കി വിട്ട യാത്രക്കാരൻ മരിച്ചു. മുവാറ്റുപുഴ വണ്ണപ്പുറം റൂട്ടിലായിരുന്നു സംഭവം. അറുപത്തിയെട്ടുകാരനായ എം.ഇ സേവ്യർ ആണ് മരിച്ചത്. മൂവാറ്റുപുഴയിലേക്ക് യാത്ര ചെയ്തിരുന്ന സേവ്യർ വാഹനത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു. എന്നാൽ ഇത് കണ്ടിട്ടും അഞ്ച് കിലോമീറ്ററിനപ്പുറമുള്ള ഞാറക്കാട് എന്ന സ്ഥലത്താണ് ജീവനക്കാർ ബസ് നിറുത്തിയതെന്നും സേവ്യറിനെ വലിച്ചിഴച്ച് ഒരു ഓട്ടോറിക്ഷയിൽ കയറ്റി വിടുകയായിരുന്നെന്നും ആരോപണമുണ്ട്. പിന്നീട് വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സേവ്യറിന് അവിടെ വച്ചാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങൾ നേരത്തെ ഉണ്ടായിരുന്നതായാണ് വിവരം.
സംഭവത്ത തുടർന്ന് ബസ് ജീവനക്കാർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അതേസമയം സേവ്യറിനെ വലിച്ചിറക്കി വിട്ടെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ബസ് ഉടമ ബിനോ പോൾ പ്രതികരിച്ചു. ആശുപത്രിയിൽ എത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്നു.ഓണമായിരുന്നതിനാൽ ബസിൽ ജീവനക്കാർ കുറവായിരുന്നു. അതുകൊണ്ടാണ് ഓട്ടോയിൽ ഒപ്പം പോകാൻ കഴിയാതിരുന്നത്. എന്നാൽ ഓട്ടോ ചാർജ് അടക്കമുള്ളവ ജീവനക്കാർ കൊടുത്തിരുന്നതായി ഉടമ പറയുന്നു.