play-sharp-fill
തിരക്കില്ലാത്ത ബസിൽ തന്ത്രത്തിൽ മോഷണം: ജില്ലയിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തു; ശനിയാഴ്ച ഒരു മണിക്കൂറിനിടെ മെഡിക്കൽ കോളേജ് ഭാഗത്ത് രണ്ടു ബസുകളിൽ മോഷണം

തിരക്കില്ലാത്ത ബസിൽ തന്ത്രത്തിൽ മോഷണം: ജില്ലയിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തു; ശനിയാഴ്ച ഒരു മണിക്കൂറിനിടെ മെഡിക്കൽ കോളേജ് ഭാഗത്ത് രണ്ടു ബസുകളിൽ മോഷണം

സ്വന്തം ലേഖകൻ
കോട്ടയം: ബസിനുള്ളിൽ തിരക്കില്ലാത്ത സമയത്ത് അശ്രദ്ധമായി നിൽക്കുന്ന സ്ത്രീകളുടെ പഴ്‌സും ബാഗും മോഷ്ടിച്ച് പണവുമായി കടക്കുന്ന സംഘം ജില്ലയിൽ സജീവം. ശനിയാഴ്ച ഒരു മണിക്കൂറിനിടെ മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ നിന്നും 13,000 രൂപയും സ്വർണാഭരണങ്ങളും സംഘം മോഷ്ടിച്ചു. തമിഴ്ടനാട്ടിൽ നിന്നുള്ള നാടോടി മോഷണ സംഘമാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നു.
മീനടത്തു നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മകൾക്കൊപ്പം വരികയായിരുന്ന വീട്ടമ്മയാണ് ആദ്യം മോഷണത്തിന് ഇരയായത്.  മെഡിക്കൽ കോളേജ് ആശുപത്രിയില് ചികിത്സ തേടി എത്തിയ ഇവരുടെ ബാഗിനുള്ളിൽ സൂക്ഷിച്ച പഴ്‌സിനുുള്ളിൽ 12,000 രൂപയാണ് ഉണ്ടായിരുന്നത്. പണവും എ.ടി.എം കാർഡും, മോതിരവും, പാസ്ബുക്കും, അടക്കമുള്ള രേഖകളും ഉണ്ടായിരുന്നു. സീറ്റിൽ ഇരുന്ന ഇവരുടെ വലതു കയ്യുടെ ഇടയിലാണ് ബാഗ് വച്ചിരുന്നത്. ബാഗിന്റെ സിബ് അൽപം മാത്രം തുറന്ന ശേഷം ഇതിനുള്ളിൽ സൂക്ഷിച്ചിരുന്ന പഴ്‌സ് തന്ത്രത്തിൽ കൈവശത്താക്കുകയായിരുന്നു. ചെറിയ സൂചന പോലും നൽകാതെ തന്ത്രപരമായി ബാഗിന്റെ സിബ് മുക്കാൽ ഭാഗവും അടച്ചു വച്ചിരുന്നു. മോഷണമാണെന്ന് സംശയിക്കാതിരിക്കാനാണ് ഇത്തരത്തിൽ ചെയ്തിരുന്നത്. തിരക്കില്ലാത്ത ബസിൽ ഇവരുടെ സീറ്റിനോടു ചേർന്ന് ഒരു യുവതി നിന്നിരുന്നതായി ഇവർ പൊലീസിനു മൊഴി നൽകി. മീനടത്തെ ബാങ്കിൽ നിന്നു പുറത്തിറങ്ങിയ ശേഷം ഒരു സ്വകാര്യ ബസിൽ കയറിയിരുന്നു. ഈ ബസിൽ ടിക്കറ്റ് എടുത്ത ശേഷം തിരുനക്കര ബസ് സ്റ്റാൻഡിൽ വന്നിറങ്ങി. ഇവിടെ നിന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കുള്ള ബസിൽ കയറുകയായിരുന്നു. മീനടത്തെ ബസിൽ ടിക്കറ്റ് എടുത്തതിന്റെ ബാക്കി തുക ഉപയോഗിച്ചാണ് മെഡിക്കൽ കോളേജിലേയ്ക്കുള്ള ബസിൽ ടിക്കറ്റ് എടുത്തിരുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബസ് സ്റ്റാൻഡിൽ എത്തി ആശുപത്രി അത്യാഹിത വിഭാഗത്തിലേയ്ക്കു നടക്കുന്നതിനിടെയാണ് ഇവർ മോഷണത്തിന് ഇരയായ വിവരം അറിഞ്ഞത്. ഉടൻ തന്നെ ഇവർ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
സമാന രീതിയിൽ തന്നെയാണ് കോട്ടയം നഗരത്തിൽ നിന്നും നീരജ് എന്ന ബസിൽ മകൾക്കും കു്ഞ്ഞിനുമൊപ്പം കയറിയ വീട്ടമ്മയ്ക്ക് നേരിടേണ്ടി വന്നത്. ബാഗിന്റെ സിബ് തുറന്ന് ഇതിനുള്ളിൽ സൂക്ഷിച്ചിരുന്ന പഴ്‌സ് തന്ത്രതിൽ അടിച്ചു മാറ്റുകയായിരുന്നു. പഴ്‌സിനുള്ളിൽ ആയിരം രൂപയും, കമ്മലും, എടിഎം കാർഡുമാണ് ഉണ്ടായിരുന്നത്. നഗരത്തിൽ നിന്നും മെഡിക്കൽ കോളേജ് ഭാഗത്തേയ്ക്ക് സർവീസ് നടത്തുന്ന നീരജ് ബസിലാണ് ഇവർ യാത്ര ചെയ്തിരുന്നത്.
തിരക്കേറിയ ബസുകളിൽ കയറി മോഷണം നടത്തിയിരുന്ന സംഘങ്ങളെ ബസ് ജീവനക്കാർ കൃത്യമായി തിരിച്ചറിയുകയും, മോഷണം കയ്യോടെ പിടിക്കപ്പെടുകയും ചെയ്തതോടെയാണ് തിരക്ക് കുറഞ്ഞ ബസുകളിൽ മോഷണം നടത്താൻ സംഘം പദ്ധതി തയ്യാറാക്കിയതെന്നാണ് സൂചന. തിരക്ക് കുറഞ്ഞ ബസുകളിൽ അശ്രദ്ധമായി ഇരിക്കുന്നവരാണ് ഇത്തരക്കാരുടെ ഇര.