ചർച്ചകളിൽ ധാരണയിൽ എത്തിയില്ല;സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക് നാളെ മുതൽ

Spread the love

 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധനയിലും പെർമിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടർന്നാണ് സംയുക്ത സമരസമിതിയുടെ പണിമുടക്ക്. ഗതാഗതമന്ത്രി കഴിഞ്ഞ ദിവസം ബസ് ഉടമകളുമായി ചർച്ച നടത്തിയെങ്കിലും ധാരണയിലെത്തിയിരുന്നില്ല.

ബസ് ഓപ്പറേറ്റേഴ്സ് ഫോറം സമരത്തിൽ നിന്ന് പിന്മാറിയിരുന്നു. ചൊവ്വാഴ്ചക്ക് മുമ്പ് വീണ്ടും ചർച്ച ചെയ്യാമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും ഇതുവരെ ബസുടമകൾക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കൂട്ടുന്നതിൽ ഗതാഗത സെക്രട്ടറി വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തുമെന്നും പെർമിറ്റ് പുതുക്കുന്നതിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു.

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം എട്ടിന് സ്വകാര്യ ബസുകൾ സൂചനാ സമരം നടത്തിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ, 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനമെന്നും ബസുടമകൾ വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group