
കോഴിക്കോട്: പ്രവൃത്തി പുരോഗമിക്കുന്ന പുതിയ ആറു വരി പാതയോട് ചേര്‍ന്ന് നിര്‍മ്മിച്ച ബസ് സ്റ്റോപ്പിന്റെ പേര് മാറി നല്‍കിയതായി ആക്ഷേപം. ദേശീയ പാതയില്‍ രാമനാട്ടുകര – വെങ്ങളം റീച്ചിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ പേര് മാറ്റി അകലെയുള്ള സ്ഥലങ്ങളുടെ പേര് നല്‍കിയതാണ് പ്രദേശവാസികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.
തൊണ്ടയാടിനും പന്തീരാങ്കാവിനും ഇടയില്‍ മെട്രോ കാര്‍ഡിയാക് ഹോസ്പിറ്റലിന് അരികില്‍ ആറുവരി പാതയുടെ കിഴക്ക് – പടിഞ്ഞാറ് ഭാഗങ്ങളിലായി രണ്ട് ബസ് സ്റ്റോപ്പുകള്‍ പുതുതായി നിര്‍മിച്ചിട്ടുണ്ട്. ഈ ഭാഗം ഇരിങ്ങല്ലൂര്‍ എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ ബസ് സ്റ്റോപ്പിന് പേര് നല്‍കിയിരിക്കുന്നത് പാലാഴി എന്നാണ്.
ഈ സ്റ്റോപ്പില്‍ നിന്ന് ഒന്നര കിലോമീറ്ററോളം സഞ്ചരിച്ചാലേ പാലാഴി ടൗണില്‍ എത്തുകയുള്ളൂ. റോഡ് പ്രവൃത്തി ആരംഭിക്കുന്നതിന് മുന്‍പ് ഇവിടെ ഇരിങ്ങല്ലൂര്‍ എന്ന ബോര്‍ഡ് ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. പാലാഴി എന്ന ബോര്‍ഡ് മാറ്റി ഇരിങ്ങല്ലൂര്‍ എന്ന പേര് തന്നെ നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ദേശീയപാത അതോറിറ്റി തെറ്റ് തിരുത്തുമെന്ന പ്രതീക്ഷയിലാണ് പ്രദേശത്തുകാര്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group