ടൂറിസ്റ്റ് സര്‍വീസിനുള്ള ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചേ റോബിന്‍ ബസ് സര്‍വീസ് നടത്താവൂ ; ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കും : ഹൈക്കോടതി
സ്വന്തം ലേഖകൻ
ടൂറിസ്റ്റ് സര്‍വീസിനുള്ള ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചേ റോബിന്‍ ബസ് സര്‍വീസ് നടത്താവൂ എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചാല്‍ വിഷയം സിംഗിള്‍ ബെഞ്ചിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാമെന്നും ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി ജസ്റ്റിസ് വി.ജി. അരുണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
റോബിന്‍ ബസിന് ടൂറിസ്റ്റ് പെര്‍മിറ്റ് അടയ്ക്കാനുള്ള സൗകര്യം നല്‍കണമെന്നും അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നുമുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് സര്‍ക്കാരും ഗതാഗത വകുപ്പും നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കിയാണ് ഉത്തരവ്. ബസ് ഉടമ കെ. കിഷോര്‍ ആദ്യം നല്‍കിയ ഹര്‍ജിയും കോടതി ഉത്തരവുണ്ടായിട്ടും നിരന്തരം ബുദ്ധിമുട്ടിക്കുന്നതായി കാട്ടി പിന്നീട് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയും സിംഗിള്‍ബെഞ്ചിന്റെ പരിഗണനയിലുള്ളത് കണക്കിലെടുത്താണ് അപ്പീല്‍ തീര്‍പ്പാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, റോബിന്‍ ബസിന്റെ നടത്തിപ്പുകാരന്‍ ഗിരീഷ്, വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് രണ്ട് എ.എം.വി.ഐ.മാര്‍ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഗിരീഷിനെ പത്തനംതിട്ട പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷം വിട്ടയച്ചു. കേസെടുത്തിട്ടില്ല. സ്വാതി, അരുണ്‍ എന്നീ എന്‍ഫോഴ്സ്മെന്റ് എ.എം.വി.ഐ. മാരാണ് പത്തനംതിട്ട എസ്.പി.യ്ക്ക് പരാതി നല്‍കിയത്. ബസ് പിടിച്ചെടുത്തതടക്കമുള്ള നടപടികളെ തുടര്‍ന്ന് ഗിരീഷ് രണ്ടിടങ്ങളില്‍വെച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
ആക്ഷേപങ്ങള്‍ക്ക് ഒരു അടിസ്ഥാനവും ഇല്ലെന്ന് ഗിരീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. തുടര്‍ച്ചയായി കോടതിവിധികള്‍ തനിക്ക് അനുകൂലമായതിനാല്‍ എങ്ങനെയെങ്കിലും തന്നെ കുടുക്കാനുള്ള ശ്രമമാണ് വധഭീഷണി ആരോപണമെന്ന് അദ്ദേഹം പറയുന്നു. റോബിന്‍ ബസിന്റെ നടത്തിപ്പുകാരനും കേരള മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള പോരാട്ടം തുടങ്ങിയിട്ട് മൂന്നരമാസമാകുന്നു. നിയമലംഘനം ആരോപിച്ച് കേരളത്തിലേയും തമിഴ്‌നാട്ടിലേയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് പിടിച്ചെടുക്കുന്ന നടപടി ഉള്‍പ്പെടെ സ്വീകരിച്ചിരുന്നു.