play-sharp-fill
സ്വകാര്യ ബസുകളുടെ വെട്ടിപ്പിന് കൂട്ട് ഉദ്യോഗസ്ഥർ: സർവീസുകൾ തോന്നും പടി; ട്രിപ്പുകൾ പരമാവധി കട്ട് ചെയ്യും; ടാക്‌സ് അടയ്ക്കാതെ സർവീസുകൾ: കൂട്ടു നിൽക്കുന്നത് ആർ.ടി ഓഫിസ് ഉദ്യോഗസ്ഥർ

സ്വകാര്യ ബസുകളുടെ വെട്ടിപ്പിന് കൂട്ട് ഉദ്യോഗസ്ഥർ: സർവീസുകൾ തോന്നും പടി; ട്രിപ്പുകൾ പരമാവധി കട്ട് ചെയ്യും; ടാക്‌സ് അടയ്ക്കാതെ സർവീസുകൾ: കൂട്ടു നിൽക്കുന്നത് ആർ.ടി ഓഫിസ് ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻ
കോട്ടയം: നികുതി അടയ്ക്കാതെ, ഗതാഗത നിയമങ്ങൾ പരമാവധി ലംഘിച്ച് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ വെല്ലുവിളിക്കുന്നത് സാധാരണക്കാരെ. സ്വകാര്യ ബസുകൾ അടക്കമുള്ള ടാക്‌സി വാഹനങ്ങളുടെ നികുതി പരിശോധനയ്ക്കുന്നതിനായി ചുമതലയുള്ള ഉദ്യോഗസ്ഥരുള്ളപ്പോഴാണ് സ്വകാര്യ ബസുകൾ നികുതി വെട്ടിച്ച് കറങ്ങുന്നത്. കഴിഞ്ഞ ദിവസം കഞ്ഞിക്കുഴി സ്വദേശിയായ കാർ യാത്രക്കാരനെ മനപൂർവം ഇടിപ്പിച്ച സംഭവത്തിൽ ഉൾപ്പെട്ട ബസിന്റെ രേഖകൾ പരിശോധിച്ചപ്പോഴാണ് ഇതു സംബന്ധിച്ചു വ്യക്തമായത്. കഴിഞ്ഞ നാലു മാസമായി ഈ സ്വകാര്യ ബസ് നികുതി അടയ്ക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 10.45 നായിരുന്നു സംഭവം. ബസേലിയസ് കോളേജിനു മുന്നിലെ സിഗ്നൽ ലൈറ്റിൽ നിർത്തിയിട്ടിരുന്ന കാറിനു പിന്നിൽ മനപൂർവം ഇടിച്ചതിനെ തുടർന്നാണ് കോട്ടയം – എരുമേലി റൂട്ടിൽ സർവീസ് നടത്തുന്ന സോണീസ് ബസ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം.ബി ജയചന്ദ്രൻ കസ്റ്റഡിയിൽ എടുത്തത്. ബസിന്റെ പെർമിറ്റ് റദ്ദ് ചെയ്യാൻ ശുപാർശ ചെയ്ത് നടത്തിയ പരിശോധനയിലാണ് ബസ് നാലു മാസമായി ടാക്‌സ് അടയ്ക്കുന്നില്ലെന്ന് കണ്ടെത്തിയത്.
മാർച്ച് 30 നാണ് അവസാനമായി ബസ് നികുതി അടച്ചത്. ഇതിനു ശേഷം ഒരു രൂപ പോലും നികുതി അടയ്ക്കാതെയാണ് ബസ് ഓടിയിരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കിടങ്ങൂർ സ്വദേശിയുടെ ബസ് മണർകാട് സ്വദേശി ലീസിനെടുത്താണു സർവീസ് നടത്തുന്നത്. പ്രശ്‌നമുണ്ടായപ്പോൾ ബസിലുണ്ടായിരുന്ന കണ്ടക്ടറെ മാറ്റിയ ശേഷം മറ്റൊരു കണ്ടക്ടറെയാണ് സർവീസിനായി നിയോഗിച്ചിരുന്നത്. ബസ് പിടിച്ചെടുക്കുമ്പോൾ ഡ്രൈവർ ലൈസൻസ് കാണിക്കാൻ തയ്യാറായില്ല.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മൊബൈലിലുള്ള ആപ്ലിക്കേഷനിൽ ഒറ്റ ക്ലിക്കിലൂടെ വാഹനം ടാക്‌സ് അടച്ചതാണോ എന്ന് അറിയാൻ സാധിക്കും. എന്നാൽ, പല ഉദ്യോഗസ്ഥരും കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നാണ് ആരോപണം. കോൺട്രാക്ട് കാരിയേജുകളും, ബസുകളും, ഓട്ടോറിക്ഷകളും, ടാക്‌സി വാഹനങ്ങളും ടാക്‌സ് അടച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി കൃത്യമായ സംവിധാനം തന്നെ മോട്ടോർ വാഹന വകുപ്പിനുണ്ട്. ഓരോ മൂവായിരം ടാക്‌സി നമ്പരുകളും ഓരോ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ ചുമതലയിലാണ്. ഈ വാഹനങ്ങളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് ഈ ഉദ്യോഗസ്ഥനാണ്. ഈ വീഴ്ചയാണ് ഇപ്പോൾ സ്വകാര്യ ബസുകൾ നികുതി അടയ്ക്കാതെ തലങ്ങും വിലങ്ങും പായുന്നതിൽ എത്തി നിൽക്കുന്നതെന്നാണ് വ്യക്തമാകുന്നത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യമായ സഹായം ഇവർക്ക് ലഭിക്കുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.