ചെങ്ങന്നൂരിൽ കോളേജ് ബസ് നന്നാകുന്നതിനിടെ ഉണ്ടായ സ്ഫോടനം ടർബോ പൊട്ടിയല്ലെന്ന് എംവിഡി; കംപ്രഷനിൽ ഓയിൽ ഇറങ്ങിയതാവാമെന്ന് നിഗമനം

Spread the love

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനിയറിങ് കോളേജിലെ ബസ് നന്നാക്കുന്നതിനിടയിൽ സ്‌ഫോടനമുണ്ടായതിനെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.

video
play-sharp-fill

എൻജിന്റെ ശേഷി കൂട്ടുന്ന ടർബോ ചാർജർ മാറ്റി സ്ഥാപിച്ചശേഷം വ്യാഴാഴ്ച രാത്രി സ്റ്റാർട്ടാക്കിയപ്പോൾ ഉണ്ടായ സ്‌ഫോടനത്തിൽ മെക്കാനിക് ചങ്ങനാശ്ശേരി മാമ്മൂട് സ്വദേശി കുഞ്ഞുമോൻ മരിച്ചു. എന്നാൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ടർബോ പൊട്ടിയിട്ടില്ലെന്നു കണ്ടെത്തി. നന്നാക്കിയ ടർബോ ഘടിപ്പിച്ചശേഷം സ്റ്റാർട്ടാക്കിയപ്പോൾ വാഹനത്തിൽനിന്ന് വലിയ ശബ്ദമുയർന്നിരുന്നു. അല്പസമയത്തിനുള്ളിൽ ഗിയർബോക്‌സും ക്ലച്ചും സഹിതമുള്ള യന്ത്രഭാഗങ്ങൾ പൊട്ടിത്തെറിക്കുകയായിരുന്നു.

എൻജിന്റെ കംപ്രഷനിലേക്ക് ഓയിൽ ഇറങ്ങിയതു മൂലമുണ്ടായ പ്രവർത്തനമാണ് സ്‌ഫോടനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ യന്ത്രഭാഗങ്ങൾ പൊട്ടിത്തെറിച്ചതിനാൽ വിശദമായ പരിശോധനയ്ക്കുശേഷമേ അന്തിമനിഗമനത്തിൽ എത്താൻ കഴിയൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ടർബോ സാധാരണ പൊട്ടിത്തെറിക്കാറില്ലെന്നാണ് വാഹന വിദഗ്ധർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ പരിശോധനയ്ക്കും വിദഗ്ധ അഭിപ്രായ ശേഖരണത്തിനുമായി വാഹന നിർമാണക്കമ്പനിയുടെ വിദഗ്ധരുടെ സേവനവും മോട്ടോർ വാഹന വകുപ്പ് തേടിയിട്ടുണ്ട്. ഫൊറൻസിക് വിഭാഗം ഉദ്യോഗസ്ഥർ ബസിൽനിന്ന് തെളിവുകൾ ശേഖരിച്ചു.സംശയാസ്പദമായിട്ടുള്ളതൊന്നും ലഭിച്ചില്ലെന്നാണ് വിവരം.

13 വർഷം പഴക്കമുള്ളതാണ് ബസ്. ബസിന്റെ കാലപ്പഴക്കവും അപകടത്തിന് കാരണമായോയെന്ന് പരിശോധിക്കുന്നുണ്ട്. ചെങ്ങന്നൂർ ജോയിന്റ് ആർടിഒ പ്രസാദിന്റെ നേതൃത്വത്തിലാണ് ബസ് പരിശോധിച്ചത്.