ചേട്ടാ, നിങ്ങള്‍ വളരെ ക്ഷീണിതനാണ്, ആശുപത്രിയിലേക്ക് പോകാം” ; ഓടുന്ന ബസിൽ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം, രക്ഷകയായി യാത്രക്കാരിയായ നഴ്സ്

Spread the love

സ്വന്തം ലേഖകൻ

അടൂർ: മരണത്തിലേക്ക് നടന്നടുത്ത സ്വകാര്യ ബസ് ഡ്രൈവർ കറ്റാനം സ്വദേശി ബിനുവിന്റെ ജീവൻ തിരിച്ചുപിടിച്ചിരിക്കുകയാണ് അടൂർ ജനറല്‍ ആശുപത്രിയിലെ നഴ്സിങ് ഓഫീസർ അടൂർ പഴകുളം പുലരിയില്‍ സൈന ബദറുദ്ദീൻ.

ഓടുന്ന ബസില്‍വച്ച്‌ ഡ്രൈവർ ബിനുവിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. എന്നാല്‍ അതു ഗൗനിക്കാതെ വണ്ടിയെടുത്ത ബിനുവിനെ യാത്രക്കാരിയായ സൈന ഇടപെട്ട് ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്നാണ് സ്വകാര്യ ബസ് ഡ്രൈവർ കറ്റാനം സ്വദേശി ബിനു(48)-വിന് ശാരീരിക അസ്വസ്ഥതയുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച രാവിലെ 8.15നായിരുന്നു സംഭവം. അടൂർ ജനറല്‍ ആശുപത്രിയിലെ രാത്രി ജോലി കഴിഞ്ഞ് പഴകുളത്തുള്ള വീട്ടിലേക്ക് പോകാൻ ആശുപത്രിക്കു സമീപത്തുനിന്ന് സൈന സ്വകാര്യബസില്‍ കയറി. ബസില്‍ അത്യാവശ്യം യാത്രക്കാരുണ്ട്. ഡ്രൈവർ സീറ്റിന് തൊട്ടുപിന്നിലാണ് സൈന ഇരുന്നത്. ആ സമയം തന്നെ ബസ് ഡ്രൈവർ ബിനുവിന് എന്തോ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നതായി തോന്നി. ബസിന്റെ വശത്തെ കണ്ണാടിയില്‍കൂടിയാണ് അതുകണ്ടത്. ബിനു എന്നിട്ടും ബസ് ഓടിച്ചു. ഇതിനിടെ ബിനു കണ്ടക്ടറോട് പ്രശ്നം അറിയിച്ചെങ്കിലും ബസ് നിർത്തിയിരുന്നില്ല.

ബസ് അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ മുൻപില്‍ എത്തിയപ്പോഴേക്കും അസ്വസ്ഥത കൂടി. ഇതോടെ സൈന ഇടപെടുകായിരുന്നു. ചേട്ടാ, നിങ്ങള്‍ വളരെ ക്ഷീണിതനാണ്. നമുക്ക് ആശുപത്രിയിലേക്ക് പോകാം.”-എന്നു പറയുകയായിരുന്നു. വണ്ടി നിർത്തിയയുടനെ സൈനയും കണ്ടക്ടറും കൂടി ബിനുവിനെ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ അടിയന്തര ശസ്ത്രക്രിയ വേണ്ടതിനാല്‍ ബന്ധുക്കള്‍ അനുമതിപത്രത്തില്‍ ഒപ്പിടണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ബന്ധുക്കളെ ഫോണില്‍ ലഭിക്കാഞ്ഞതിനാല്‍ സൈന തന്നെ ബന്ധുക്കള്‍ ഒപ്പിടേണ്ട രേഖകളില്‍ ഒപ്പുവച്ചു. ഇതോടെ മറ്റൊന്നും ചിന്തിക്കാതെ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി ഹൃദയത്തിലെ ബ്ലോക്ക് നീക്കി. സൈനയുടെ ഇടപെടലോടെ ഡ്രൈവർ മാത്രമല്ല ബസിലുണ്ടായിരുന്ന മുഴുവൻ ജീവനും രക്ഷപെടുത്താനായി.