
മലപ്പുറം: ബസ് യാത്രക്കിടെ ബോധരഹിതനായി കുഴഞ്ഞുവീണയാളെ സഹയാത്രികനായ അഗ്നിരക്ഷാ സേനാംഗം രക്ഷിച്ചു.
മലപ്പുറം എടവണ്ണയില്‍ നിന്നും വണ്ടൂരിലേക്ക് പോവുകയായിരുന്ന നിച്ചൂസ് ബസിലാണ് സംഭവം. നിലമ്പൂര്‍ രാമന്‍കുത്ത് താമസിക്കുന്ന പത്തനംതിട്ട സ്വദേശി സോമന്‍ (65) ആണ് ബസ് യാത്രക്കിടെ കുഴഞ്ഞുവീണത്.
ഈ സമയത്ത് ബസിലുണ്ടായിരുന്ന കോഴിക്കോട് ബാലുശേരി സ്വദേശിയും തിരുവാലി അഗ്നി രക്ഷാ നിലയത്തിലെ ഫയർ ആൻ്റ് റെസ്ക്യു ഓഫീസറുമായ സി കെ ജിജേഷാണ് രക്ഷാപ്രവർത്തനം നടത്തിയത്. സോമന് അടിയന്തിരമായി സിപിആർ നല്‍കി ഹൃദയമിടിപ്പ് നിലനിർത്തിയ അദ്ദേഹം ജീവൻ തിരിച്ചുപിടിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ബസിലുണ്ടായിരുന്ന എല്ലാവരെയും വഴിയിലിറക്കിയ ശേഷം വാഹനം സോമനെയും കൊണ്ട് എടവണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് ഇഎംസി ആശുപത്രിയിലും എത്തിച്ചു. പിന്നീട് സോമനെ മഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലേക്കും മാറ്റി.
ഇവിടെ നടത്തിയ പരിശോധനയില്‍ സോമന് കാര്യമായ പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ല. പിന്നീട് ഇദ്ദേഹത്തെ ഡിസ്‌ചാർജ് ചെയ്തു.



