
സ്വന്തം ലേഖകൻ
തൃശൂർ: രണ്ടു മാസം നീ്ണ്ടു നിന്ന മെല്ലെപ്പോക്കിനും, ഒച്ചിഴയും വേഗത്തിനും ശേഷം യാത്രക്കാരെ തല്ലിയൊതുക്കാൻ ശ്രമിച്ച കല്ലടയുടെ പെർമിറ്റ് റദ്ദാക്കുമോ എന്ന് ചൊവ്വാഴ്ച അറിയാം. തൃശൂർ കളക്ടറുടെ അധ്യക്ഷതയിൽ റോഡ് ട്രാഫിക് അതോറിറ്റിയുടെ യോഗം രാവിലെ 10 ന് ചേരും. ഈ യോഗത്തിൽ കല്ലട സർവീസിന്റെ പെർമിറ്റ് റദ്ദാക്കുന്നതു സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ബസുടമ സുരേഷ് കല്ലടയും യോഗത്തിൽ ഹാജരാകും
ഏപ്രിൽ 21 നാണ് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസിലെ യാത്രക്കാരെ കല്ലട ബസിലെ ജീവനക്കാർ മർദിച്ചത്. സംഭവം വിവാദമായതോടെ ബസിൻറെ പെർമിറ്റ് റദ്ദാക്കാൻ ഗതാഗത കമ്മീഷണർ നിർദേശിക്കുകയായിരുന്നു. കേസിൽ എറണാകുളം ആർടിഒ ബസ് ഉടമയെ അടക്കം വിളിച്ചു വരുത്തിയെങ്കിലും ബസ് രജിസ്റ്റർ ചെയ്തത് ഇരിങ്ങാലക്കുട ആർടിഒയുടെ കീഴിലായതിനാൽ തുടർ നടപടികൾ ഇരിങ്ങാലക്കുടയിലേക്ക് മാറ്റി.
ഇരിഞ്ഞാലക്കുട ആർടിഒ ആണ് കേസ് റോഡ് ട്രാഫിക് അതോറിറ്റിക്ക് കൈമാറിയത്. യോഗത്തിൽ ഹാജരാകാൻ സമിതി അംഗങ്ങൾക്കും കല്ലട ബസ് ഉടമ സുരേഷ് കല്ലടയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ബസിൻറെ പെർമിറ്റ് ഒരു വർഷത്തേക്ക് സസ്‌പെൻറ് ചെയ്യുന്നതടക്കമുള്ള നടപടികൾക്കാണ് സാധ്യത.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർ തമിഴ്‌നാട് കോയമ്പത്തൂർ നാച്ചിപാളയം കുമാർ (55), മാനേജർ കൊല്ലം പട്ടംതുരുത്ത് ആറ്റുപുറത്ത് ഗിരിലാൽ (37), ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കൽ വിഷ്ണു (29), ബസ് ജീവനക്കാരായ പുതുച്ചേരി സ്വദേശി അ്ൻവർ , ജിതിൻ ജയേഷ്, രാജേഷ് എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കല്ലട ബസ് ഉടമ സുരേഷിനെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ നടപടികൾ ആരംഭിച്ചത്.