
ആലപ്പുഴ: സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണ് പരിക്കേറ്റ സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ആലപ്പുഴ – കഞ്ഞിപ്പാടം റൂട്ടിൽ ഓടുന്ന അൽ അമീൻ ബസ്സിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു. ഡ്രൈവർ ജയകുമാർ, കണ്ടക്ടർ സുഭാഷ് എന്നിവർക്കെതിരെയാണ് നടപടി ഉണ്ടായത്.
ഇന്നലെ വൈകിട്ട് തിരുവമ്പാടി ജങ്ഷന് സമീപം വച്ചായിരുന്നു സംഭവം. പുന്നപ്ര സഹകരണ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനി 23 കാരിയായ ദേവി കൃഷ്ണ കോളേജ് വിട്ട് വീട്ടിലേക്ക് പോകുമ്പോഴാണ് ബസിൽ നിന്ന് തെറിച്ചു വീണത്. തെറിച്ച് വീണ പെൺകുട്ടിയുടെ തല സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു. ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി പെൺകുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പെൺകുട്ടി ഇറങ്ങും മുൻപ് ബസ് മുന്നോട്ട് എടുത്തതാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അപകടം ഉണ്ടായിട്ടും ബസ് നിർത്തിയില്ലെന്നും പിറകെ വന്ന കാറിലാണ് പെൺ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്നും ആരോപണമുണ്ട്. അൽ അമീൻ ബസ് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group