കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ പൊലീസ് ഉദ്യോഗസ്ഥന് മർദനം: മർദനമേറ്റത് മദ്യലഹരിയിൽ അക്രമിയെ തടയാൻ ശ്രമിക്കുന്നതിനിടെ; പ്രതിയായ കാരാപ്പുഴ സ്വദേശി പിടിയിൽ

കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ പൊലീസ് ഉദ്യോഗസ്ഥന് മർദനം: മർദനമേറ്റത് മദ്യലഹരിയിൽ അക്രമിയെ തടയാൻ ശ്രമിക്കുന്നതിനിടെ; പ്രതിയായ കാരാപ്പുഴ സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ
കോട്ടയം: മദ്യലഹരിയിൽ വഴിയാത്രക്കാരെ ആക്രമിച്ച യുവാവിനെ തടയാനുള്ള ശ്രമത്തിനിടെ പൊലീസുകാരന് മർദനമേറ്റു. പൊലീസുകാരനെ ആക്രമിച്ച ശേഷം അഴിഞ്ഞാടിയ അക്രമിയെ നാട്ടുകാരും, തിരുനക്കരയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും ചേർന്നാണ് കീഴ്‌പ്പെടുത്തിയത്. നെഞ്ചിന് പരിക്കേറ്റ കെ.എ.പി. ബറ്റാലിയനിലെ പോലീസുകാരൻ കോട്ടയം മള്ളൂശ്ശേരി പ്രീതി ഭവനിൽ പ്രതീഷ് പ്രസാദിനെ (32) ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിന് നീർക്കെട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും, പൊലീസുകാരനെ ആക്രമിച്ചതിനും വിവിധ വകുപ്പുകൾ ചുമത്തി കാരാപ്പുഴ കവലയിൽ വീട്ടിൽ രവീന്ദ്രനെ (39)തിരെ വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെ തിരുനക്കര ബസ് സ്റ്റാൻഡിനു മുന്നിലായിരുന്നു അപകടം. തിരുനക്കര ബസ് സ്റ്റാൻഡിനു മുൻവശത്ത് രണ്ടു പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ട്. ഈ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു പ്രതീഷ്. സന്ധ്യമയങ്ങിയതോടെ അക്രമി റോഡിൽ അസഭ്യ പറയുന്നതതും, യാത്രക്കാരെ ആക്രമിക്കാൻ ശ്രമിക്കുന്നതും പ്രതീഷ് കണ്ടു. ഇതിനിടെ മദ്യലഹരിയിൽ രവീന്ദ്രൻ ഒരാൾക്കു നേരെ പാഞ്ഞടുത്തു. ഇത് കണ്ട പ്രതീഷ് ഉടൻ പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു. പ്രതിയെ തടയാനുള്ള ശ്രമിത്തിനിടെ പ്രതീഷിന്റെ നെ്ഞ്ചിൽ രവീന്ദ്രൻ ആഞ്ഞിടിച്ചു.
ഇടിയേറ്റ് അസ്വസ്ഥത പ്രകടിപ്പിച്ച പ്രതീഷിനെ കണ്ട് മറ്റ് പൊലീസ് ഉദ്യോഗസ്ഥർ ഓടിയെത്തി. തുടർന്ന് ഇവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ഇവിടെ നിന്നു പൊലീസ് കൺട്രോൾ റൂം വാഹനത്തിൽ പ്രതീഷിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പ്രഥമശുശ്രൂഷ നൽകി. പ്രതി രവീന്ദ്രനെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ ഇയാളെ കോടതിയിൽ ഹാജരാക്കും.