ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സി ബസിന്റെ ബ്രേക്ക് പൊട്ടി;തൊട്ടുമുന്നിൽ കുത്തിറക്കം…!റോഡരികിലെ മൺതിട്ടയിലേക്ക് ബസ് ഇടിച്ചുനിർത്തി ഡ്രൈവർ..! ഒഴിവായത് വൻ ദുരന്തം
സ്വന്തം ലേഖകൻ
പനമരം: കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ മനോധൈര്യത്താൽ ഒഴിവായത് വൻ ദുരന്തം. ഓടിക്കൊണ്ടിരിക്കവേ കെ.എസ്.ആർ.ടി.സി ബസിന്റെ ബ്രേക്ക് പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടതോടെ റോഡരികിലെ മതിലിൽ ഇടിച്ചു നിർത്തി ഡ്രൈവർ.
തിങ്കളാഴ്ച ഉച്ചയോടെ മാനന്തവാടിയിൽനിന്ന് കല്പറ്റയിലേക്കുള്ള യാത്രാമധ്യേ ആറാംമൈൽ മൊക്കത്ത് വെച്ചായിരുന്നു സംഭവം. പുനരുദ്ധാരണപ്രവൃത്തികൾ നടക്കുന്ന സംസ്ഥാനപാതയിലെ മൊക്കത്തുനിന്ന് ബസിൽ ആളെ കയറ്റി മുന്നോട്ടുപോകവെ റോഡിലെ കുഴിയിൽ ചാടാതിരിക്കാൻ ബ്രേക്ക് ചവിട്ടിയപ്പോഴാണ് വാഹനത്തിന്റെ ബ്രേക്ക് സംവിധാനം തകരാറിലായത് മനസ്സിലാവുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൊട്ടുമുന്നിൽ കുത്തനെയുള്ള ഇറക്കമാണ്.ഇറക്കത്തിലേക്ക് പ്രവേശിച്ചാൽ അപകടം ഉണ്ടാകുമെന്നതുറപ്പാണ്. ഉടനെ ഗണേശ് റോഡരികിലെ മൺതിട്ടയിലേക്ക് ബസ് ഇടിച്ചിറക്കുകയായിരുന്നു.
മാനന്തവാടിയിൽനിന്നും കല്പറ്റയിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവർ ഗണേശ്ബാബുവിന്റെ സമയോചിത ഇടപെടലാണ് അപകടം ഒഴിവാക്കിയത്. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കൊന്നുമില്ല. തുടർന്ന് യാത്രക്കാരെ മറ്റ് വാഹനങ്ങളിൽ കയറ്റിവിടുകയായിരുന്നു. ഡ്രൈവറുടെ മനസ്സാന്നിധ്യംകൊണ്ട് അപകടം വഴിമാറിയതിന്റെ ആശ്വാസത്തിലാണ് യാത്രക്കാർ.