കോട്ടയം: ചില്ലറയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ സ്വകാര്യ ബസ് കണ്ടക്ടറെ യാത്രക്കാരൻ തലയ്ക്ക് ചോറ്റുപാത്രം വച്ച് അടിച്ചു. സാരമായി പരിക്കേറ്റ കണ്ടക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ ചേർത്തല കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന കാർത്തിക എന്ന സ്വകാര്യ ബസിലായിരുന്നു സംഭവം.
കുമരകം സ്വദേശിയായ യാത്രക്കാരൻ കവണാറ്റിൻകര ഭാഗത്തു നിന്നുമാണ് യാത്രക്കാരൻ ബസിൽ കയറിയത്. കുമരകം ഭാഗത്ത് ഇറങ്ങാനായാണ് ഇയാൾ ടിക്കറ്റ് എടുത്തത്. ടിക്കറ്റ് എടുക്കുന്നതിനു താൻ നൽകിയത് അൻപത് രൂപയാണ് എന്നാണ് യാത്രക്കാരൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ, പത്തു രൂപ മാത്രമാണ് നൽകിയതെന്നും, ഇതിനുള്ള ടിക്കറ്റ് താൻ നൽകിയിട്ടുണ്ടെന്നുമായിരുന്നു കണ്ടക്ടറുടെ വാദം. എന്നാൽ, കുമരകത്ത് സ്്‌റ്റോപ്പിൽ ബസ് ഇറങ്ങാറായപ്പോൾ യാത്രക്കാരനും കണ്ടക്ടറും തമ്മിൽ അതിരൂക്ഷമായ വാക്കേറ്റമുണ്ടായി.
ബസിനുള്ളിൽ നിന്നും വഴിയിലിറങ്ങി നിന്ന യാത്രക്കാരൻ കണ്ടക്ടറെ അസഭ്യം പറഞ്ഞു. തുടർന്ന് യാത്രക്കാരനും കണ്ടക്ടറും തമ്മിൽ അസഭ്യം വിളിയും പോർവിളിയുമായി. ഇതിനിടെ പുറത്തിറങ്ങിയ കണ്ടക്ടറും യാത്രക്കാരനും തമ്മിൽ കയ്യേറ്റമായി. ഇതിനിടെ യാത്രക്കാരൻ കയ്യിലിരുന്ന നീളൻചോറ്റുപാത്രം ഉപയോഗിച്ച് കണ്ടക്ടറുടെ തലയിൽ അടിച്ചു. അടിയേറ്റ് ചോരവാർന്ന തലയുമായി കണ്ടക്ടർ വഴിയിൽ നിന്നു. ഇതുവഴിയെത്തിയ പൊലീസ് വാഹനത്തിൽ കണ്ടക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരെ മറ്റൊരു വാഹനത്തിൽ കയറ്റി കോട്ടയത്തിനു അയച്ചു.