play-sharp-fill
അമിത വേഗവും മത്സര ഓട്ടവും: എം.സി റോഡിൽ ഗാന്ധിനഗറിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്

അമിത വേഗവും മത്സര ഓട്ടവും: എം.സി റോഡിൽ ഗാന്ധിനഗറിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്

സ്വന്തം ലേഖകൻ

കോട്ടയം: അമിത വേഗത്തിൽ മത്സരിച്ചോടിയെത്തിയ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. പിന്നാലെ എത്തിയ ബസ് കടന്നു പോകാതിരിക്കാൻ മുന്നിൽ പോയ ബസ് വട്ടം കയറ്റി വച്ചതോടെയാണ് ബസുകൾ കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന കെ.എം.വി, അലഞ്ചേരി ബസുകളാണ് കൂട്ടിയിടിച്ചത്.



ബുധനാഴ്ച രാവിലെ എട്ടരയോടെ എം.സി റോഡിലേയ്ക്ക് തിരിയുന്ന ഗാന്ധിനഗർ ജംഗ്ഷനിലായിരുന്നു അപകടം. രണ്ടു ബസുകളും മെഡിക്കൽ കോളേജിൽ നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്നു. ഇരു വാഹനങ്ങളും മത്സരിച്ചോടുകയായിരുന്നു. മുന്നിൽ ഓടിയിരുന്ന കെ.എം.വി ബസ് യാത്രക്കാരെ ഇറക്കാൻ ഗാന്ധിനഗർ ജംഗ്ഷനിൽ നിർത്തി. പിന്നാലെ വന്ന ആലഞ്ചേരി കടന്നു പോകാതിരിക്കുന്നതിനായി റോഡിന്റെ മധ്യത്തിലായാണ് ബസ് നിർത്തിയത്. ഈ സമയം പിന്നാലെ എത്തിയ ആലഞ്ചേരി അമിത വേഗത്തിൽ കെ.എം.വിയെ മറികടക്കാൻ ശ്രമിച്ചു. ഇതോടെ കെ.എം.വിയുടെ പിന്നിൽ ആലഞ്ചേരി ഇടിക്കുകകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കെ.എം.വിയുടെ പിൻഭാഗവും, ആലഞ്ചേരിയുടെ മുൻ വശവും തകർന്നു. ഇടിയുടെ ആഘാതത്തിൽ യാത്രക്കാർ റോഡിൽ വീണെങ്കിലും ആർക്കും പരിക്കേറ്റില്ല. ഇതേ തുടർന്ന് എം.സി റോഡിൽ അൽപ നേരം ഗതാഗതം തടസപ്പെട്ടു. അപകടത്തെ തുടർന്ന് ഗാന്ധിനഗർ പൊലീസും സ്ഥലത്ത് എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


സ്വകാര്യ ബസുകളുടെ അമിത വേഗം പലപ്പോഴും ഗാന്ധിനഗർ റോഡിൽ അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്. യാതൊരു നിയന്ത്രണവുമില്ലാതെയാണ്് ഇവിടെ വാഹനങ്ങൾ പായുന്നത്. കഴിഞ്ഞ ദിവസം വാഹന പരിശോധന നടത്തിയ പൊലീസ് നിയമലംഘനം നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുത്തിരുന്നു. എന്നാൽ, അന്ന് പൊലീസിനെ സമരം നടത്തി വിരട്ടാനാണ് സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും ശ്രമിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ബസുകളുടെ മത്സരയോട്ടം അപകടത്തിന് ഇടയാക്കിയിരിക്കുന്നത്.