സ്വന്തം ലേഖകൻ
കോട്ടയം: സ്വകാര്യ ബസ് ജീവനക്കാരുടെ കണ്ണില്ലാത്ത ക്രൂരത ആറാം ക്ലാസൂകാരനോട്. കൺസഷൻ ടിക്കറ്റ് എടുത്ത് ബസിൽ കയറിയതിന്റെ പേരിൽ ആറാം ക്ലാസുകാരനെ ബസിനുള്ളിൽ വച്ച് ആക്രമിച്ച കണ്ടക്ടർ, കുട്ടിയെ സ്റ്റോപ്പിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ നടുറോഡിൽ ഇറക്കി വിട്ടു. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ബസ് പിടിച്ചെടുത്ത ആർ.ടി.ഒ കണ്ടക്ടറോട് ലൈസൻസുമായി ബുധനാഴ്ച രാവിലെ ആർ.ടി ഓഫിസിൽ ഹാജരാകാൻ നിർദേശിച്ചു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നഗരത്തിലായിരുന്നു സംഭവം. കോട്ടയത്തു നിന്നും പരുത്തുംപാറ റൂട്ടിൽ സർവീസ് നടത്തുന്ന റൈസിംങ് ബസിലെ കണ്ടക്ടറാണ് കുട്ടിയെ നടുറോഡിൽ ഇറക്കി വിട്ടത്. വിദ്യാഭ്യാസ ബന്ദായതിനെ തുടർന്ന് കുട്ടിയെ ഉച്ചയോടെ സ്‌കൂളിൽ നിന്നും വിട്ടിരുന്നു. എം.ഡി സെമിനാരി സ്‌കൂളിൽ നിന്നും ഇറങ്ങിയ കുട്ടി, എം.ഡി കൊമേഷ്യൽ സെന്ററിനു സമീപത്തു നിന്നാണ് ബസിൽ കയറിയത്. ബസിൽ കയറിയ ശേഷം കൺസഷൻ ടിക്കറ്റ് നൽകിയപ്പോൾ മുതൽ കണ്ടക്ടറുടെ മോശമായ പെരുമാറ്റം നേരിടേണ്ടി വന്നതായി കുട്ടി നൽകിയ പരാതിയിൽ പറയുന്നു.
തുടർന്ന് കുട്ടി കോഴിച്ചന്ത റോഡിൽ ഭീമ ജുവലറിയ്ക്ക് സമീപത്തെ റോഡിലെ സ്‌റ്റോപ്പിൽ ഇറങ്ങാനായി ബസിൽ നിന്നും എഴുന്നേറ്റു. എന്നാൽ, കണ്ടക്ടർ കുട്ടിയെ തോളിൽ വലിച്ച ബസിനുള്ളിലേയ്ക്ക് ഇട്ടു. തുടർന്ന് കുട്ടി എഴുന്നേറ്റ് നിന്നെങ്കിലും ബസ് കണ്ടക്ടർ കുട്ടിയെ വീണ്ടും തള്ളിയിട്ടു. അനുപമ തീയറ്ററിനു സമീപത്തെ സ്റ്റോപ്പിൽ ഇറങ്ങാൻ കുട്ടി വീണ്ടും എഴുന്നേറ്റെങ്കിലും നെഞ്ചിൽ തള്ളി കുട്ടിയെ കണ്ടക്ടർ വീണ്ടും ബസിനുള്ളിലിട്ടു. യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും, കണ്ടക്ടർ കൂട്ടാക്കിയില്ല. ഇയാൾ ബസ് ഓടിച്ച് പോകാൻ ബൈല്ലടിക്കുകയായിരുന്നു. യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെ കുട്ടിയെ കോടിമത പള്ളിപ്പുറത്ത് കാവ് ക്ഷേത്രത്തിനു മുന്നിലെ സ്റ്റോപ്പിൽ ഇയാൾ ഇറക്കിവിട്ടു. തുടർന്ന് ഇവിടെ നിന്നും ഓട്ടോറിക്ഷ പിടിച്ചാണ് കുട്ടി വീട്ടിലേയ്ക്ക് മടങ്ങിയത്. വീട്ടിലെത്തി പൊട്ടിക്കരഞ്ഞ കുട്ടിയോട് പിതാവ് കാര്യങ്ങൾ ചോദിച്ചതോടെയാണ് സംഭവം മനസിലായത്. തുടർന്ന് ആർ.ടിഒ ബാബു ജോണിനും, ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിനും പിതാവ് പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ആർ.ടി.ഒ ബാബു ജോൺ ബസ് പിടിച്ചെടുത്തു. തുടർന്ന് കണ്ടക്ടറെ വിളിച്ചു വരുത്തി. ലൈസൻസുമായി ബുധനാഴ്ച രാവിലെ ആർ.ടി ഓഫിസിൽ എത്താൻ നിർദേശം നൽകിയിട്ടുണ്ട്.