ബസുകൾ തട്ടി ആളപായം ഉണ്ടാകുന്നു; തലയോലപ്പറമ്പ് ബസ് സ്റ്റാൻഡില്‍ ഹോം ഗാര്‍ഡിനെ നിയമിക്കണം, ഹമ്പ് നിര്‍മിക്കണം; അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം

Spread the love

കോട്ടയം: തലയോലപ്പറമ്പ് ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസുകളുടെ മത്സരപ്പാച്ചിൽ നിയന്ത്രിക്കുന്നതിനായി ഹോം ഗാർഡിനെ നിയോഗിക്കാനും, ഹമ്പ് നിർമ്മിക്കാനും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

സ്റ്റാൻഡിലേക്ക് അമിതവേഗത്തിൽ എത്തുന്ന ബസ്സുകൾ തട്ടി ആളപായം ഉണ്ടാകുന്നത് പതിവ് സംഭവമായി മാറുകയാണ്. സ്റ്റാൻഡിലേക്ക് പാഞ്ഞെത്തുന്ന ബസുകള്‍ സാധാരണയായി സ്റ്റാൻഡിന്‍റെ ഇടതുവശത്ത് വാഹനം തിരിച്ച്‌ യാത്രക്കാർ കൂടിനില്‍ക്കുന്ന സ്ഥലത്താണ് നിർത്തുന്നത്. കെഎസ്‌ആർടിസിക്കും സ്വകാര്യബസുകള്‍ക്കും ഈ ഒരു സ്റ്റാൻഡ് മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ കൂടുതല്‍ യാത്രക്കാരെ തങ്ങളുടെ വാഹനത്തിലേക്കു കയറ്റുന്നതിനുവേണ്ടി സ്വകാര്യ ബസുകള്‍ യാത്രക്കാർ നില്‍ക്കുന്നിടത്തേക്ക് ചേർത്തുനിർത്തുന്നത് അപകടസാധ്യത വർധിപ്പിക്കുകയാണ്. ‌

രണ്ടുവർഷങ്ങള്‍ക്കു മുൻപ് സ്റ്റാൻഡില്‍ വാഹനങ്ങള്‍ നിയന്ത്രിക്കാൻ ഹോംഗാർഡിനെ നിയമിച്ചിരുന്നുവെങ്കിലും നിലവിലിപ്പോൾ ഹോംഗാർഡ് ഇല്ല. സ്റ്റാൻഡിനുള്ളിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഹമ്പ് സ്ഥാപിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയർന്നുവരുന്നുണ്ടെങ്കിലും അധികാരികൾ ഇതുവരെ നടപടിയെടുത്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയോലപ്പറമ്പ് ബസ് സ്റ്റാൻഡും വ്യാപാരസമുച്ചയവും കരാർ കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും പൂർത്തിയാക്കാതെ കിടക്കുകയാണ്. പ്രത്യേകിച്ച് മഴക്കാലത്ത് സ്റ്റാൻഡിന്റെ ഉൾവശത്തുള്ള കുഴികളിൽ ചെളിവെള്ളം നിറയുന്നത് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. വേഗത്തിൽ എത്തുന്ന ബസുകൾ ആ കുഴികളിലൂടെ കടന്നുപോകുമ്പോൾ വെള്ളം തെറിച്ച് സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ വാഹനങ്ങളിലേക്കും യാത്രക്കാരുടെ മേലേക്കും തെറിച്ചുവീഴുന്ന അവസ്ഥയാണ് നിലവിലുള്ളത്.